ഫുട്‌ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്‌കാരം'; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(30-DEC-2022)

'ഫുട്‌ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്‌കാരം'; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പെലെയുടെ വിയോഗം അതീവ ദുഃഖകരമാണ്. ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മരണമുണ്ടാകില്ല. വിസ്മരിക്കാനാകാത്ത സാന്നിദ്ധ്യമായി പെലെ കൂടെയുണ്ടാകും. പെലെയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു', മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
മുഖ്യമന്ത്രിയുടെ കുറിപ്പ് :

ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്.

ഫുട്‌ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്‌കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച പേരായിരുന്നു പെലെ. എല്ലാ ലോകകപ്പ് കാലത്തും അദ്ദേഹത്തിന്റെ പോസ്റ്ററുകളും കട്ട്ഔട്ടുകളും കേരളത്തില്‍ ഉയരാറുള്ളത് ഈ സ്‌നേഹത്തിനുള്ള സാക്ഷ്യപത്രമാണ്.

പെലെയുടെ വിയോഗം അതീവ ദുഃഖകരമാണ്. ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മരണമുണ്ടാകില്ല. വിസ്മരിക്കാനാകാത്ത സാന്നിദ്ധ്യമായി പെലെ കൂടെയുണ്ടാകും. പെലെയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Post a Comment

Previous Post Next Post