ഖത്തർ ലോകകപ്പ്; നാലില്‍ ആര് വാഴും? സെമി ഫൈനല്‍ ലൈനപ്പായി

(www.kl14onlinenews.com)
(11-DEC-2022)

ഖത്തർ ലോകകപ്പ്;
നാലില്‍ ആര് വാഴും? സെമി ഫൈനല്‍ ലൈനപ്പായി
ദോഹ :
കരുത്തന്മാരുടെ വീഴ്ചയ്ക്കും കളിമികവോടെ മുന്നോട്ട് വന്ന ഒരു കൂട്ടം ടീമുകളുടെ കുതിപ്പിനുമാണ് ഖത്തര്‍ ലോകകപ്പ് സാക്ഷിയായത്. ഒടുവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച നാല് ടീമുകള്‍ സെമി ഫൈനലിലെത്തിയിരിക്കുകയാണ്, അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കൊ.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതമായിരുന്നു ഇരുവരും നേടിയത്. നെതര്‍ലന്‍ഡ്സിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിനെ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന അതിജീവിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നായക മികവുകൂടി കണ്ട മത്സരം.

ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം മൊറോക്കോയ്ക്ക് ചേരുമോ എന്നാണ് ചോദ്യം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാലിറ്റി ഷൂട്ടൗട്ടിലും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. പ്രതിരോധക്കരുത്താണ് മൊറോക്കോയുടെ ആയുധം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് കൂട്ടത്തിലെ നാലാമന്‍. മുന്നില്‍ വന്ന ചെറുതും വലുതുമായ ടീമുകള്‍ തച്ചുടച്ചാണ് ഫ്രഞ്ച് പടയുടെ മുന്നേറ്റം.

ഫിഫ ലോകകപ്പ് സെമി ഫൈനല്‍ മത്സരക്രമം
ഡിസംബര്‍ 14
അര്‍ജന്റീന – ക്രൊയേഷ്യ
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ഡിസംബര്‍ 15
ഫ്രാന്‍സ് – മൊറോക്കൊ
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

അതേസമയം,
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗീസ് പരിശീലകന്റെ പിഴവാണ് പോര്‍ച്ചുഗലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്. എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോ വിജയിച്ചപ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ മടങ്ങിയത്.

മറുഭാഗത്ത്, ഫ്രാന്‍സിനെതിരെ ഗംഭീരമായ പ്രകടനം പുറത്തെടുത്തെങ്കിലും ഇംഗ്ലണ്ടിന് പിഴച്ചു. 2-1ന് പിന്നില്‍ നില്‍ക്കവെ വീണുകിട്ടിയ നിര്‍ണായകമായ പെനാള്‍ട്ടി ഹാരി കെയ്ന്‍ പാഴാക്കിയതാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.
ഡിസംബര്‍ 14ന് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ആദ്യ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഡിസംബര്‍ 15ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് നടക്കുക.

തത്സമയ സംപ്രേഷണ വിവരങ്ങള്‍
എല്ലാ മത്സരങ്ങളുടേയും തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18 ചാനലില്‍ കാണാന്‍ കഴിയും. ജിയൊ സിനിമ ആപ്ലിക്കേഷനിലാണ് ലൈവ് സ്ട്രീമിങ്.

Post a Comment

Previous Post Next Post