പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു, പേര് വെറുത്തു, യുദ്ധം നിശ്ചലമാക്കി; ഒടുവില്‍ പെലെ എന്ന ഇതിഹാസം

(www.kl14onlinenews.com)
(30-DEC-2022)

പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു, പേര് വെറുത്തു, യുദ്ധം നിശ്ചലമാക്കി; ഒടുവില്‍ പെലെ എന്ന ഇതിഹാസം
അവശ്വസിനീയ ഫുട്ബോളര്‍ മാത്രമായിരുന്നില്ല പെലെ, ഇതിഹാസത്തിന്റെ സ്വാധീനം പല വരമ്പുകളും ഭേദിച്ചിരുന്നു. പൈലറ്റാവാന്‍ ആഗ്രഹിച്ച കുട്ടിക്കാലത്ത് നിന്ന് മൈതാനത്തിലേക്ക് പെലെയെ എത്തിച്ചത് പിതാവിന്റെ കണ്ണുനീരായിരുന്നു. 1950 ലോകകപ്പ് ഫൈനലില്‍ മാറക്കാനായില്‍ ബ്രസീല്‍ ഉറുഗ്വയോട് പരാജയപ്പെട്ട നിമിഷം. പിതാവിന്റെ കണ്ണീരൊപ്പുമെന്ന് ശപഥമെടുത്ത പത്തുവയസുകാരന്‍ പിന്നീട് നീന്തിക്കയറിത് റെക്കോര്‍ഡുകളുടെ പുഴയായിരുന്നു. പെലെയെ ഇതിഹാസമാക്കിയ ചില കാര്യങ്ങള്‍ പരിശോധിക്കാം.

വിമാനം പറപ്പിക്കണം, ആദ്യ സ്വപ്ന

ബ്രസീലിലെ വലിയൊരു ജനവിഭാഗത്തെ പോലെ ദരിദ്ര കുടുംബത്തിലാണ് എഡ്സണ്‍ ആരാന്റസ് ഡൊ നാസിമെന്റോയും (പെലെ) വളര്‍ന്നത്. വളരെ ചെറുപ്പത്തില്‍ നിലക്കടല വില്‍പ്പനയുമായി എഡ്സണും കൂട്ടുകാരും വിമാനത്താവളത്തിലെത്തി. നഗ്നപാദനായി അവിടെയെത്തിയ എഡ്സണിന്റെ മനസില്‍ വിമാനം പറപ്പിക്കണമെന്ന മോഹമുദിച്ചു. എന്നാല്‍ 1940-കളില്‍ സംഭവിച്ച ഒരു വിമാന അപകടം ആ കൊച്ചുബാലനെ ഉലച്ചു. അപകടസ്ഥലത്തേയും മോര്‍ച്ചറിയിലേയും കാഴ്ചകള്‍ വിമാനം പറപ്പിക്കണമെന്ന സ്വപ്നം ഉപേക്ഷിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കി.

ആദ്യ ബൂട്ടും പന്തും

എഡ്സൺ തന്റെ സുഹൃത്തുക്കളുമായി ഒരു ഫുട്ബോൾ ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാല്‍ സ്വന്തമായി ഫുട്ബോളോ ബൂട്ടൊ ഒന്നും ഉണ്ടായിരുന്നില്ല. ഫുട്ബോള്‍ സ്റ്റിക്കറുകള്‍ അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു, അത് മറിച്ചുകൊടുത്തും ചരക്ക് ട്രെയിനുകളില്‍ നിന്ന് നിലക്കടല കൈക്കലാക്കി വിറ്റുമൊക്കെയായിരുന്നു എഡ്സണിന്റേയും കൂട്ടുകാരുടേയും പദ്ധതികള്‍. അങ്ങനെയാണ് ആദ്യമായി ബൂട്ടുകള്‍ എഡ്സണിന്റെ കാലുകളിലേക്ക് എത്തുന്നത്. ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഗോള്‍ സ്കോറിങ് മികവുകൊണ്ട് കാണികളെ അതിശയിപ്പിച്ചപ്പോള്‍ തന്നെ സ്കൂളിലെ വിളിപ്പേരായ പെലെ ആ കുഞ്ഞ് ഗ്യാലറിയില്‍ നിന്ന് മുഴങ്ങി. തനിക്ക് തീരെ താത്പര്യമില്ലാത്ത് പെലെ എന്ന പേര് ആദ്യമായി എഡ്സണിന് സന്തോഷം പകര്‍ന്നു. അവിടെ ഒരു താരമുദിക്കുകയായിരുന്നു.

പെലെ ദിനം

1969 നവംബര്‍ 19-നാണ് പെലെ തന്റെ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്നത്. അന്നത്തെ മത്സരത്തില്‍ കാണികള്‍ മൈതാനത്തേക്ക് പാഞ്ഞെത്തി പെലെയ്ക്കായി. 30 മിനിറ്റോളമാണ് കളി തടസപ്പെട്ടത്. അതിനാല്‍ ആയിരാമത്തെ ഗോള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി പെലെ ദിനമായി നവംബര്‍ 19 തിരഞ്ഞെടുത്തു. കരിയറിലെ ആദ്യ ലീഗ് മത്സരം 1956 സെപ്തംബര്‍ ഏഴിന് എഫ് സി കോറിന്തിയാന്‍സിനെതിരെയായിരുന്നു. അന്ന് നാല് ഗോളുകളാണ് പെലെ നേടിയത്. കരിയറില്‍ മൊത്തം 1283 ഗോളുകള്‍ പെലെയുടെ പേരിലുണ്ടെന്നാണ് അവകാശവാദം, ഇതില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ബ്രസീലിനായി പെലെ നേടിയ 77 ഗോളുകളില്‍ ആര്‍ക്കും പരാതിയില്ല. 92 ഹാട്രിക്കുകള്‍, 31 തവണ നാല് ഗോളുകള്‍, അഞ്ച് ഗോളുകള്‍ ആറ്‍ പ്രാവശ്യം..ഒരു കളിയില്‍ എട്ട് ഗോള്‍ വരെ പെലെ നേടിയിട്ടുണ്ട്.

സ്വന്തം പേരില്‍ വീഡിയോ ഗെയിം – 1980

പെലെയുടെ പേരിൽ 1980-കളിൽ ‘പേലെസ് സോക്കർ’ എന്ന പേരിൽ ഒരു വീഡിയോ ഗെയിം ഉണ്ടായിരുന്നു. പെലെ സോക്കർ 1980-ൽ അറ്റാരിക്കായാണ് ആരംഭിച്ചത്. സണ്ണിവെയ്ൽ കാലിഫോർണിയയിൽ നിന്നുള്ള വ്യാപാരമുദ്രയുള്ള ഗെയിം പ്രോഗ്രാം പെലെ വ്യക്തിപരമായി അംഗീകരിച്ചിരുന്നു. അറ്റാരി 2600-ന് വേണ്ടി രൂപകൽപ്പന ചെയ്‌ത ഇത് 1977 മുതൽ 1992 വരെ വാണിജ്യപരമായി വളരെ വിജയകരമായ ഒരു വീഡിയോ ഗെയിമായിരുന്നു.

1999-ലെ ടൈം ലേഖനത്തിലാണ് യുദ്ധത്തെ പെലെ നിശ്ചലമാക്കിയ നിമിഷത്തെക്കുറിച്ച് പറയുന്നത്. നൈജീരിയയിലെ ആഭ്യന്തരയുദ്ധത്തിൽ ഇരുപക്ഷവും 1967-ൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. പെലെയ്ക്ക് ലാഗോസിൽ ഒരു എക്സിബിഷൻ മത്സരം കളിക്കാൻ വേണ്ടിയായിരുന്നു ഇത്. പ്രദേശത്തെ സൈനിക ഗവർണർ സാമുവൽ ഒഗ്‌ബെമുഡിയ അവധി പ്രഖ്യാപിക്കുകയും നൈജീരിയയ്‌ക്കെതിരായ പെലെയുടെ 2-1 വിജയം ഇരുപക്ഷത്തിനും കാണാനായി ഒരു പാലം തുറന്നുകൊടുക്കുകയും ചെയ്‌തതായി സാന്റോസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. “ഒരു ആഭ്യന്തരയുദ്ധത്തിന്റെ മധ്യത്തിൽ ബെനിൻ സിറ്റിയിൽ ഒരു സൗഹൃദ മത്സരം കളിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. മത്സരദിനത്തിൽ വെടിനിർത്തലിന് അവര്‍ സമ്മതിച്ചു. ‘സാന്റോസ് യുദ്ധം നിർത്തിയ ദിവസമായി അത് അറിയപ്പെട്ടു,” 2020-ൽ പെലെ ട്വീറ്റ് ചെയ്തു.

Post a Comment

أحدث أقدم