(www.kl14onlinenews.com)
(15-DEC-2022)
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിലാണ് വിവാഹം. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടിയും രാഹുലും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ നിർമ്മിച്ച ആഡംബര വസതിയിലേക്ക് കുറച്ചു നാളുകൾക്ക് മുമ്പ് ഇരുവരും താമസം മാറ്റിയിരുന്നു.
വിവാഹത്തിന്റെ കൃത്യമായ തീയതികൾ ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും, ജനുവരി 21 മുതൽ 23 വരെ, മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം. മുംബൈയ്ക്കടുത്ത് ഖണ്ടലയിൽ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാനാണ് വിവാഹവേദി എന്നാണ് സൂചന.
ഹൽദി, മെഹന്ദി ഉൾപ്പെടെയുള്ള ചടങ്ങുകൾ അടങ്ങിയ ദക്ഷിണേന്ത്യൻ രീതിയിലാകും വിവാഹമെന്നാണ് അറിയുന്നത്. കർണാടകയിലെ ബെംഗളൂരു സ്വദേശിയാണ് രാഹുൽ. ഈ മാസം തന്നെ വിവാഹ ക്ഷണക്കത്തുകൾ പുറത്തുവരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് രാഹുലും ആതിയയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആതിയയുടെ സഹോദരൻ അഹാൻ ഷെട്ടിയുടെ ആദ്യച്ചിത്രത്തിന്റെ പ്രീമിയർ ഷോയ്‌ക്ക് എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
Post a Comment