കാസർകോട് ടാറ്റ കോവിഡ് ആശുപത്രി; സ്പെഷ്യൽറ്റി പരിഗണനയിൽ, ആരോഗ്യവകുപ്പിന് ഭൂമി കൈമാറും

(www.kl14onlinenews.com)
(09-DEC-2022)

കാസർകോട് ടാറ്റ കോവിഡ് ആശുപത്രി; സ്പെഷ്യൽറ്റി പരിഗണനയിൽ, ആരോഗ്യവകുപ്പിന് ഭൂമി കൈമാറും
കാസർകോട്:
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയിൽ എൻഡോസൾഫാൻ ദുരിതബാധിതരായവർ ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങൾക്കും മറ്റുള്ളവർക്കും സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാക്കുന്നതിനു സാധിക്കുന്ന ആശുപത്രിയായി ഉയർത്താൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുന്നതായി സർക്കാർ.സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി പുതിയ കെട്ടിടം ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനുള്ള പ്രപ്പോസൽ പരിഗണനയിലുണ്ടെന്നും സർക്കാർ അറിയിച്ചു. കെട്ടിടത്തിനു പുറമേ സിടി, എംആർഐ ഉൾപ്പടെയുള്ള സ്കാനിങ് അടക്കം അത്യാവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുവാൻ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നതാണെന്ന് സർക്കാർ അറിയിച്ചു.ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്നും പല പ്രശ്‌നങ്ങളും ഇപ്പോൾ തന്നെ ഇവിടെ അഭിമുഖീകരിക്കുന്നുണ്ടെന്നും എംഎൽഎയുടെ സബ്മിഷനു നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കി.

ആരോഗ്യവകുപ്പിന് ഭൂമി കൈമാറും

ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിൽ 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. 6 ബ്ലോക്കുകളിലായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കണ്ടൈയ്‌നറുകളിലാണു നിർമാണം നടത്തിയിട്ടുള്ളത്. ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികൾക്കു ചികിത്സ നൽകി. ജില്ലാ ഭരണകൂടം

12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു.സ്ഥാപനം സ്ഥിതി ചെയ്യുന്ന 2.0307 ഹെക്ടർ ഭൂമി ആരോഗ്യവകുപ്പിനു കൈമാറുന്നതിന് റവന്യു വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. കോവിഡ് കാലത്ത് ഈ ആശുപത്രിയിലേക്ക് 191 ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചിരുന്നു.ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ പിന്നീടു മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന രോഗികളുടെ ദിനപരിചരണത്തിനായുള്ള പകൽ വീട് ഇവിടെ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 28 രോഗികൾ പകൽ വീട്ടിൽ ഉണ്ട്. രണ്ട് ബ്ലോക്കുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

ടാറ്റ ആശുപത്രി സംരക്ഷണചത്വരം നാളെ; ദയാബായി സംബന്ധിക്കും

ചട്ടഞ്ചാൽ: കോവിഡ് കാലത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി ടാറ്റ ഗ്രൂപ് ആരംഭിച്ച ടാറ്റ ഗവ. ആശുപത്രി അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ചട്ടഞ്ചാൽ ടൗണിൽ സംരക്ഷണചത്വരം സംഘടിപ്പിക്കാൻ മുസ്‍ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ടാറ്റ ആശുപത്രി അടച്ചു പൂട്ടരുത് എന്ന മുദ്രാവാക്യമായി ഡിസംബർ എട്ടിന് വൈകീട്ട് മൂന്നിനാണ് പരിപാടി. ആക്റ്റിവിസ്റ്റ് ദയാബായി ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ തെക്കിൽ, എം.ബി. ഷാനവാസ്, ബാത്തിഷ പൊവ്വൽ, നാസർ ചേറ്റുകുണ്ട്, ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, സുലുവാൻ ചെമ്മനാട്, സിറാജ് മഠത്തിൽ, നശാത് പരവനടുക്കം, ഉബൈദ് നാലപ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.

ചികിത്സിച്ചത് 4987 രോഗികളെ; തസ്തിക 191; കോവിഡ് ആശുപത്രിയുടെ ഭാവി തുലാസിൽ
കാസർകോട്: രാജ്യത്ത് ഏറ്റവും വേഗതയിൽ കോവിഡ് പടർന്ന ജില്ലയായി കാസർകോട് മാറിയപ്പോൾ ടാറ്റാ ട്രസ്റ്റ് അനുവദിച്ച ആശുപത്രിയുടെ ഭാവി തുലാസിൽ. അയ്യായിരത്തോളം രോഗികളെ ഇതുവരെ ചികിത്സിച്ച ആശുപത്രിയിൽ സൃഷ്ടിച്ചത് 191 തസ്തികകൾ. ഏറ്റെടുത്തത് 4.12 ഏക്കർ ഭൂമി.

സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഉദുമ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തെക്കില്‍ വില്ലേജിൽ 81,000 ചതുരശ്ര അടി വിസ്തൃതിയില്‍ സ്ഥാപിച്ച ആശുപത്രിയുടെ പ്രവര്‍ത്തനം 2020 ഒക്ടോബറിൽ ആരംഭിച്ചു. ആറ് ബ്ലോക്കുകളിലായി 128 പ്രീ-ഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കണ്ടയ്‌നറുകളിലാണ് നിർമാണം നടത്തിയിട്ടുള്ളത്.

പൂർണമായും ഒരു കോവിഡ് ആശുപത്രി എന്ന നിലക്കാണ് ഇതുവരെയും ഈ ആശുപത്രി പ്രവര്‍ത്തിച്ചത്. നാളിതുവരെ ഇവിടെ 4987 കോവിഡ് രോഗികള്‍ക്ക് (കാറ്റഗറി എ,ബി,സി) ചികിത്സ നല്‍കിയിട്ടുണ്ട്. ജില്ല ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡ് നിർമിച്ചിരുന്നു.

ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് കോവിഡ് മഹാമാരിയുടെ കാലത്ത് 191 ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചത്. ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസിക വൈകല്യമുള്ള രോഗികളുടെ പുനരധിവാസത്തിനായി ദിനപരിചരണത്തിനായുള്ള പകല്‍ വീട് ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 രോഗികള്‍ പകല്‍ വീട്ടിലുണ്ട്. രണ്ട് ബ്ലോക്കുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

Post a Comment

Previous Post Next Post