(www.kl14onlinenews.com)
(13-DEC-2022)
കാസർകോട് : പൊലീസിനെ കബളിപ്പിച്ചു കടന്നു കളഞ്ഞ കവർച്ചക്കേസിലെ പ്രതിയെ പിന്തുടരുന്നതിനിടെ പ്രതി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. റോഡരികിലെ ഓവുചാലിൽ പതിച്ച കാറിൽ നിന്നു പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടു. ജില്ലയിലും കർണാടകയിലും ഒട്ടേറെ കേസുകളിൽ പ്രതിയായ പനയാൽ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം(41) ആണ് വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്.
കർണാടകയിൽ രണ്ടു കവർച്ചക്കേസുകളിൽ പ്രതിയായ ഹാഷിം കാസർകോട്ടെത്തിയതായി കർണാടക പൊലീസ് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി കാസർകോട് സിഐ പി.പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ചന്ദ്രഗിരി ജംക‍്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹാഷിമിന്റെ കാർ എത്തിയത്. ഇവിടേക്ക് എത്തിയ കാർ പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് പിന്തുടർന്നത്.
കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഓടിച്ചു പോയ കാർ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്സ് റോഡിലേക്കു കടുക്കുന്നതിനിടെയാണു നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്കു പതിച്ചത്. കാറിനു പിന്നാലെയുണ്ടായിരുന്ന പൊലീസ് വാഹനത്തിൽ നിന്നിറങ്ങി അപകടത്തിൽ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അപകട വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് സമീപത്തെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
Post a Comment