'ഞാന്‍ നല്ല പോര്‍ പൊരുതി,എല്ലാം നല്‍കി';ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി റൊണാള്‍ഡോയുടെ മടക്കം

(www.kl14onlinenews.com)
(11-DEC-2022)

'ഞാന്‍ നല്ല പോര്‍ പൊരുതി,എല്ലാം നല്‍കി';ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി റൊണാള്‍ഡോയുടെ മടക്കം
ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കയോട് തോറ്റ് പുറത്തായതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒട്ടേറെ നേട്ടങ്ങളുണ്ടായെങ്കിലും പോര്‍ച്ചുഗലിന് വേണ്ടി ലോകകിരീടം നേടുകയായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം. അത് സാധിക്കാതെ പോയതില്‍ ദുഃഖമുണ്ട്. രാജ്യത്തിനും ടീമിനും വേണ്ടി പരമാവധി പ്രയത്‌നിച്ചു. നല്‍കാവുന്നതെല്ലാം നല്‍കി. ഒരിക്കലും രാജ്യത്തോടോ സഹകളിക്കാരോടൊ മുഖം തിരിച്ച് നിന്നിട്ടില്ലെന്നും ക്രിസ്റ്റാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം,
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗീസ് പരിശീലകന്റെ പിഴവാണ് പോര്‍ച്ചുഗലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്. എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോ വിജയിച്ചപ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ മടങ്ങിയത്.
20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കണ്ണീര്‍ മടക്കമായി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.
ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ പുറത്താവുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാള്‍ഡോയ്‌ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഖത്തറിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ 51-ാം മിനുറ്റില്‍ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താന്‍ റോണോയ്‌ക്കായില്ല. അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ, ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസില്‍ ലോകകപ്പ് കിരീടമെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. ഇനിയൊരിക്കലും ഫലിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നം.
ക്രിസ്റ്റ്യാനോയുടെ കുറിപ്പ്

"പോര്‍ച്ചുഗലിന് വേണ്ടി ലോകകപ്പ് നേടുക എന്നതായിരുന്നു കരിയറിലെ എന്റെ ഏറ്റവും വലിയ സ്വപ്നം. ഭാഗ്യവശാല്‍ രാജ്യത്തിന് വേണ്ടിയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ, രാജ്യത്തെ ലോകജേതാക്കളാക്കുക തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ അഭിലാഷം.

അതിന് വേണ്ടി ഞാന്‍ പോരാടി. ആ സ്വപ്‌നത്തിന് വേണ്ടി കഠിനമായി തന്നെ ഞാന്‍ പൊരുതി. അഞ്ചാമത്തെ ലോകകപ്പിലുംപങ്കെടുത്ത ഞാന്‍ 16 വര്‍ഷമായി സ്‌കോര്‍ ചെയ്യുന്നു. മഹാന്മാരായ കളിക്കാര്‍ക്കൊപ്പം ഞാന്‍ മൈതാനത്തിറങ്ങി. ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസുകാരുടെ പിന്തുണയോടെ. എന്റെ എല്ലാം ഞാന്‍ നല്‍കി. എല്ലാം നല്‍കിയാണ് ഞാന്‍ മൈതാനം വിട്ടിരുന്നത്. പൊരുതേണ്ട സമയത്ത് ഞാന്‍ ഒരിക്കലും തിരിഞ്ഞുനിന്നിട്ടില്ല. ആ സ്വപ്‌നം കൈവിട്ടതുമില്ല.

ഇന്നലെ ആ സ്വപ്നം ദുഃഖകരമായി അവസാനിച്ചു. ഒരുപാട് അഭിപ്രായങ്ങള്‍ വന്നു. ഒരുപാട് വ്യഖ്യാനങ്ങളും ഊഹങ്ങളുമുണ്ടായി. പക്ഷെ, പോര്‍ച്ചുഗലിന് വേണ്ടിയുള്ള എന്റെ സമര്‍പ്പണത്തില്‍ ഒരു മാത്ര പോലും മാറ്റമുണ്ടായിട്ടില്ല. ആ ലക്ഷ്യത്തിന് വേണ്ടി എപ്പോഴും പൊരുതിയ ഞാന്‍ ഒരിക്കലും എന്റെ സഹകളിക്കാരുടേയും രാജ്യത്തിന്റേയും നേരെ പുറംതിരിക്കില്ല.

ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ല. നന്ദി പോര്‍ച്ചുഗല്‍. നന്ദി ഖത്തര്‍. മനസിലുണ്ടായിരുന്നിടത്തോളം കാലം ആ സ്വപ്‌നം നല്ലതായിരുന്നു. ഇനി കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഓരോരുത്തര്‍ക്കും അവരുടെ തീര്‍പ്പുകളിലെത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

Post a Comment

أحدث أقدم