ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും; ബ്രസീലും അർജന്റീനയും ഇന്ന് കളത്തിൽ

(www.kl14onlinenews.com)
(09-DEC-2022)

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും;
ബ്രസീലും അർജന്റീനയും ഇന്ന് കളത്തിൽ
ദോഹ:
ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന ലാറ്റിനമേരിക്കൻ ശക്തികളുടെ മത്സരങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ സവിശേഷത. നെയ്‌മറിന്റെ ബ്രസീലും, മെസ്സിയുടെ അർജന്റീനയും സെമി തേടി ഇറങ്ങുന്നുണ്ട്. ക്രൊയേഷ്യ, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ വമ്പന്മാരും കൂടി ചേരുന്നതോടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പൊടിപാറുമെന്ന് ഉറപ്പായി.

ഇന്നത്തെ ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയെയാണ് നേരിടുക. നെയ്‌മറിന്റെ നേതൃത്വത്തിൽ എത്തുന്ന ടീമിന് ഇക്കുറി കാര്യമായ വെല്ലുവിളികൾ എതിരാളികളിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് തോൽക്കേണ്ടി വന്നു. പരിക്ക് മാറിയെത്തിയ നെയ്‌മർ ഫോമിലേക്ക് ഉയരുന്നത് ടീമിന് വലിയ ആശ്വാസമാണ്.

കൂടെ റിചാർലിസൺ, കാസമിറോ, പക്വേറ്റ, തിയാഗോ സിൽവ, ഫാബിഞ്ഞോ തുടങ്ങിയവരും ചേരുന്നതോടെ ടീം ശക്തമായി. ലൂക്ക മോഡ്രിച്ചിന്റെ കരുത്തിലാണ് ക്രൊയേഷ്യയുടെ വരവ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അവരെ വിലകുറച്ച് കാണാൻ കഴിയില്ല. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.

കളിമികവിന്റെ കണക്കെടുത്താല്‍ ബ്രസീലിന്റെ ഒപ്പം എത്തില്ല ഒരു ടീമും ഈ ലോകകപ്പില്‍. കാനറികള്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തത് സൗത്ത് കൊറിയക്കെതിരായ പ്രീ ക്വാര്‍ട്ടറിലായിരുന്നു. കേവലം 36 മിനുറ്റിനുള്ളില്‍ നാല് ഗോളുകള്‍. ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമായിരുന്നു റ്റിറ്റെയുടെ കുട്ടികള്‍ കാഴ്ചവച്ചത്.


പരിചയമ്പന്നനും സൂപ്പര്‍ താരവുമായ നെയ്മര്‍ തന്നെയാണ് മുന്നേറ്റങ്ങള്‍ മെനയുന്നത്. വിനീഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസണ്‍, റഫീഞ്യ തുടങ്ങിയ യുവനിര ആക്രമണങ്ങളുടെ കുന്തമുനയാകും. ലോകകപ്പില്‍ റിച്ചാര്‍ലിസണിന്റെ പേരില്‍ ഇതിനോടകം തന്നെ മൂന്ന് ഗോളുകളുണ്ട്. മധ്യനിര കാക്കാന്‍ കാസിമിറൊ, ലൂക്കാസ് പക്വേറ്റ എന്നിവരായിരിക്കും.

തിയാഗൊ സില്‍വ, ഡാനിലൊ, മിലിറ്റാവൊ, മാര്‍ക്വിനസ്, ആലിസണ്‍ ബെക്കര്‍ എന്നിവരാണ് കാനറിപ്പടയുടെ കൂടിന് സംരക്ഷണമൊരുക്കുന്നത്. ഇവരെ മറികടന്ന് ഗോള്‍ വീഴ്ത്താന്‍ ക്രൊയേഷ്യന്‍ നിര അല്‍പ്പം വിയര്‍ക്കും. ബ്രസീലിന്റെ മുന്നേറ്റങ്ങളെ എങ്ങനെ ലൂക്ക മോഡ്രിച്ചിന്റെ പ്രതിരോധനിര നേരിടുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ ഫോം പരിഗണിച്ചാല്‍ കാനറികളെ പിടിച്ചുകെട്ടുക അസാധ്യം.

കാനറികളെ പറക്കാന്‍ വിടാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം ജുറാനോവിച്ച്, ലോവ്രെന്‍, ഗ്വാര്‍ഡിയോള്‍, സോസ എന്നിവര്‍ക്കാണ്. കോട്ട എത്രത്തോളം സുരക്ഷിതമോ അത്രത്തോളമായിരിക്കും ക്രൊയേഷ്യയുടെ സാധ്യതകളും. ലൂക്ക മോഡ്രിച്ചിന്റെ അപ്രതീക്ഷിത ലോങ് റെയ്ഞ്ചറുകളിലും ക്രൊയേഷ്യക്ക് പ്രതീക്ഷ അര്‍പ്പിക്കാം.

രണ്ടാമത്തെ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളി നെതർലൻഡ് ആണ്. മെസ്സിയുടെ നേതൃത്വത്തിൽ എത്തുന്ന അർജന്റീനയ്ക്ക് ഇക്കുറി കിരീടം നേടിയേ മതിയാവൂ. ഇനിയൊരു ലോകകപ്പ് അങ്കത്തിന് ബാല്യമില്ലാത്ത ഇതിഹാസതാരത്തിന് അർഹിക്കുന്ന വിടവാങ്ങൽ ഉറപ്പാക്കാനാവും ടീമിന്റെ പരിശ്രമം.

അര്‍ജന്റീനയക്ക് മധ്യനിരയില്‍ അവസരം കൊടുക്കാതെ 3-5-2 എന്ന ശൈലിയായിരിക്കും നെതര്‍ലന്‍ഡ്സ് സ്വീകരിക്കുക. അതിനാല്‍ നേരിട്ടുള്ള മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന രീതി ഉപേക്ഷിച്ച് അല്‍പ്പം വളഞ്ഞ് മൂക്കുപിടിക്കേണ്ടി വന്നേക്കും മെസിപ്പടയ്ക്ക്. അതുകൊണ്ട് തന്നെ കളിമെനയുന്നതിലായിരിക്കും മെസിക്ക് കൂടുതല്‍ ചുമതല.

സ്വാഭാവികമായ ശൈലി ഉപേക്ഷിക്കാന്‍ ഇതോടെ അര്‍ജന്റീന നിര്‍‍ബന്ധിതരാകും. കഴിവുള്ള വിങ്ങര്‍മാരുണ്ടെങ്കിലും എത്രത്തോളം കളത്തില്‍ പ്രകടമാകുമെന്നതില്‍ വ്യക്തതയില്ല. നെതര്‍ലന്‍ഡ്സ് പ്രതിരോധം ലോകകപ്പില്‍ വഴങ്ങിയത് കേവലം രണ്ട് ഗോള്‍ മാത്രമാണ്.

വിങ്ങിലൂടെയുള്ള ആക്രമണങ്ങളാണ് നെതര്‍ലന്‍ഡ്സിന്റെ കരുത്ത്. മധ്യനിരയില്‍ അര്‍ജന്റീനയെ തളച്ചാല്‍ വിങ് ബാക്കുകള്‍ – ഫോര്‍വേര്‍ഡുകളും ചേര്‍ന്ന് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായ വാന്‍ ഡിജിക്കും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

അതേസമയം നെതർലാൻഡ്‌സ് ആവട്ടെ ഇക്കുറി വലിയ പെരുകാർ ഒന്നുമില്ലാതെ എത്തുന്ന സംഘമാണ്, എങ്കിലും 2014 ലോകകപ്പ് സെമിയിലെ തോൽവിക്ക് പകരം വീട്ടുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക.

Post a Comment

أحدث أقدم