അധികാരത്തിലെത്തിയാൽ ചെയ്യാൻ പാടില്ലാത്തത് എന്തെന്ന് ഓർമിപ്പിക്കുന്നു; ബിജെപിയെ ‘ഗുരു’വെന്ന് വിളിച്ച് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(31-DEC-2022)

അധികാരത്തിലെത്തിയാൽ ചെയ്യാൻ പാടില്ലാത്തത് എന്തെന്ന് ഓർമിപ്പിക്കുന്നു; ബിജെപിയെ ‘ഗുരു’വെന്ന് വിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപി പാർട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി പാർട്ടിയെ തന്റെ ഗുരുവായിട്ടാണ് കണക്കാക്കുന്നതെന്നും അധികാരത്തിലിരിക്കുമ്പോൾ എന്താണ് ചെയ്യാൻ പാടില്ലാത്തതെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

”അവർ (ബിജെപി) ഞങ്ങളെ ആക്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയെ അതിന്റെ പ്രത്യയശാസ്ത്രം മനസിലാക്കാൻ സഹായിക്കും. അവരെ (ബിജെപി) ഞാൻ എന്റെ ഗുരുവായി കാണുന്നു. അവർ എനിക്ക് വഴി കാണിച്ചുതരികയും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നെ നിരന്തരം ഓർമിപ്പിക്കുകയും ചെയ്യുന്നു,” എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

”ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ കന്യാകുമാരി മുതൽ കശ്മീർവരെയുള്ള ഒരു സാധാരണ യാത്രയെന്നാണ് കരുതിയത്. ഈ യാത്രയ്ക്ക് ഒരു ശബ്ദവും വികാരവുമുണ്ടെന്ന് ഞങ്ങൾ പതിയെ മനസിലാക്കി. ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമുള്ള ആളുകൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവർ ഞങ്ങളെ കൂടുതൽ ലക്ഷ്യമിടുമ്പോൾ അത് ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ ഞങ്ങളെ സഹായിക്കുന്നു,” വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഭാരത് ജോഡോ യാത്രയുടെ വാതിൽ എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുന്നു. ഞങ്ങൾക്കൊപ്പം ചേരുന്നതിൽനിന്നും ഞങ്ങൾ ഒരാളെയും തടയുന്നില്ല. എല്ലാ പ്രതിപക്ഷ നേതാക്കളും ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനൊപ്പമാണ്, പക്ഷേ ചില രാഷ്ട്രീയ നിർബന്ധങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം വ്യക്തമായ കാഴ്ചപ്പാടോടെ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ബിജെപിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അതിന് പ്രതിപക്ഷം ഒത്തൊരുമയോടെ ബദൽ വീക്ഷണത്തോടെ ജനങ്ങളിലേക്ക് പോകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post