പെനൽറ്റിയും ഗോളായില്ല: മെക്‌സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ: ഡെന്‍മാര്‍ക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ

(www.kl14onlinenews.com)
(22-NOV-2022)

പെനൽറ്റിയും ഗോളായില്ല: മെക്‌സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ:
ഡെന്‍മാര്‍ക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ
ദോഹ: ഗില്ലർമോ ഒച്ചാവ എന്ന മെക്സിക്കന്‍ ഗോൾ കീപ്പർക്ക് മുന്നില്‍ റോബർട്ട് ലെവന്‍ഡോവ്സ്‍കി പെനാല്‍റ്റി അടിയറവുപറഞ്ഞപ്പോള്‍ മെക്സിക്കോ-പോളണ്ട് മത്സരം ഗോള്‍രഹിതം. ആക്രമണവും പ്രത്യാക്രമണവും ഗോളിമാരുടെ മികവും കണ്ട മത്സരത്തില്‍ 90 മിനുറ്റുകളിലും ഏഴ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും ലക്ഷ്യം കാണാനായില്ല.
ഇരു ടീമുകളും ആക്രമിച്ച് കളിച്ച ആദ്യപകുതി അതി സുന്ദരമായിരുന്നു. പോളിഷ് നിരയില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയുണ്ടായിട്ടും കൂടുതല്‍ ആക്രമണം മെക്സിക്കോയുടെ ഭാഗത്തുനിന്നായിരുന്നു. രണ്ടാംപകുതിയില്‍ 57-ാം മിനുറ്റില്‍ മത്സരത്തിലെ ഗോള്‍ ക്ഷാമം മാറുമെന്ന് കരുതി. ബോക്സില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയെ ഹെക്ടർ മൊറീനോ വീഴ്ത്തിയതിന് വാറിനൊടുവില്‍ റഫറി പെനാ‍ല്‍റ്റി അനുവദിച്ചു. എന്നാല്‍ മെക്സിക്കന്‍ ഗോളി ഗില്ലർമോ ഒച്ചാവ ഇടത്തേക്ക് ചാടി ലെവന്റെ കിക്ക് സാഹസികമായി പാറിത്തടുത്തിട്ടു.

പിന്നാലെ ഇരു ടീമും ശക്തമായ പോരാട്ടമാണ് മൈതാനത്ത് അഴിച്ചുവിട്ടത്. അതുപോലെ കടുത്തതായി പ്രതിരോധവും. ഏഴ് മിനുറ്റ് അധികസമയത്ത് പോളിഷ് താരങ്ങള്‍ കുതിക്കാന്‍ ശ്രമിച്ചപ്പോഴും ഫലമുണ്ടായില്ല. ഒടുവില്‍ മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

ഡെന്‍മാര്‍ക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ
ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡിയില്‍ അത്ഭുതമാകുമെന്ന് കരുതപ്പെട്ട ഡെന്‍മാര്‍ക്കിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ടുണീഷ്യ. ഫിഫ റാങ്കിംഗില്‍ ഡെന്‍മാര്‍ക്ക് പത്തും ടുണീഷ്യ 30-ാം റാങ്കുകാരുമാണ്. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി ലഭിച്ച അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമും ടീമുകള്‍ക്ക് ഗുണം ചെയ്‌തില്ല. ടുണീഷ്യന്‍ ഗോളി അയ്‌മന്‍ ദഹ്‌മെന്റെ സേവുകള്‍ നിര്‍ണായകമായി.

കളി തുടങ്ങി ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഡെന്‍മാര്‍ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ സാന്നിധ്യമായിരുന്നു ഡെന്‍മാര്‍ക്ക് നിരയിലെ ശ്രദ്ധേയം. യൂസഫ് മസാക്‌നിയുടെ ടാക്കിളില്‍ പരിക്കേറ്റ തോമസ് ഡെലീനിക്ക് പകരം ഹാഫ്ടൈമിന് മുമ്പ് തന്നെ ഡെന്‍മാര്‍ക്കിന് ആദ്യ സബ്‌സ്റ്റിറ്റ്യൂട്ട് വേണ്ടിവന്നു. മൈക്കല്‍ ഡാംസ്‌ഗാര്‍ഡാണ് കളത്തിലെത്തിയത്.

45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ആറ് കോര്‍ണറുകളും ഏറെ ഫ്രീകിക്കുകളും ലഭിച്ചെങ്കിലും എറിക്‌സണിനോ ഡെന്‍മാര്‍ക്ക് സഹതാരങ്ങള്‍ക്കോ മുതലാക്കാനായില്ല. ഇതോടെ ആദ്യപകുതിയില്‍ ഡെന്‍മാര്‍ക്കിനെ പിടിച്ചുകെട്ടാന്‍ ടുണീഷ്യക്കായി. രണ്ടാംപകുതിയിലും ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ടുണീഷ്യന്‍ പ്രതിരോധവും പ്രത്യാക്രമണവും വിലങ്ങുതടിയായി. അവസാന മിനുറ്റുകളിലൊരു പെനാല്‍റ്റിക്കായി ഡെന്‍മാര്‍ക്ക് താരങ്ങള്‍ വാദിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

Post a Comment

أحدث أقدم