ഖത്തറിൽ വമ്പന്മാർ കളത്തിൽ; ജയിച്ച് തുടങ്ങാന്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും

(www.kl14onlinenews.com)
(24-NOV-2022)

ഖത്തറിൽ വമ്പന്മാർ കളത്തിൽ; ജയിച്ച് തുടങ്ങാന്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും
ദോഹ:
ലോകകപ്പ് ആവേശത്തിന് മാറ്റ് കൂട്ടി നെയ്‌മറും, ക്രിസ്‌റ്റ്യാനോയും ഇന്ന് കളത്തിലിറങ്ങും. ബ്രസീലിന് സെർബിയയും, പോർച്ചുഗലിന് ഘാനയുമാണ് എതിരാളികൾ. വമ്പൻ അട്ടിമറികൾ തുടർക്കഥയാവുന്ന ഖത്തറിൽ ശ്രദ്ധയോടെയാവും മുൻനിര ടീമുകൾ ഇനി കളിക്കുക. അർജന്റീനയ്ക്കും, ജർമ്മനിയ്ക്കും തോൽവി പിണഞ്ഞതോടെ ടീമുകളെല്ലാം കരുതലിലാണ്.

ബ്രസീൽ vs സെർബിയ

അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ ഇക്കുറി കിരീടമുറപ്പിച്ച് തന്നെയാണ് വരുന്നത്. സൂപ്പർതാരം നെയ്‌മറിനൊപ്പം റിച്ചാലിസൺ, ഗബ്രിയേൽ ജീസസ്‌, വിനീഷ്യസ്‌ ജൂനിയർ, റഫീഞ്ഞ്യ, ആന്റണി, ഗബ്രിയേൽ മാർടിനെല്ലി, പെഡ്രോ, റോഡ്രിഗോ തുടങ്ങിയ പ്രതിഭകൾ അണിനിരക്കുന്ന ബ്രസീൽ നിരയെ പരിശീലിപ്പിക്കുന്നത് ടിറ്റെയാണ്.

കാസെമിറോ, ലൂക്കാസ്‌ പക്വേറ്റ എന്നിവർക്കൊപ്പം യുവതാരം ബ്രൂണോ ഗിമറസും ഒത്തുചേരുന്ന മധ്യനിര ആരെയും വിറപ്പിക്കുന്നതാണ്. പരിചയ സമ്പന്നരായ തിയാഗോ സിൽവയും, ഡാനി ആൽവസും ഉൾപ്പെടുന്ന പ്രതിരോധ നിര മാർക്വിനിയോസ് കൂടി ചേരുന്നതോടെ ശക്തമാണ്. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബ്രസീല്‍ ലോകകപ്പിനെത്തുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.

പോർച്ചുഗൽ vs ഘാന

സൂപ്പർതാരം ക്രിസ്‌റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തരരായ ഘാനയാണ് ആദ്യ മത്സരത്തിൽ എതിരാളികള്‍. ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചിരുന്നു. ക്ലബ് ഫുട്‍ബോളിൽ മാനേജ്‌മെന്റും കോച്ചുമായുള്ള ഭിന്നതകളെ തുടർന്ന് തന്റെ പ്രിയ ടീമായ മാഞ്ചസ്‌റ്റർ വിട്ട റൊണാൾഡോയ്ക്ക് ഇന്ന് അഗ്നിപരീക്ഷയാണ്.

വിമർശനങ്ങളെ കാറ്റിൽ പറത്തുന്ന പ്രകടനം തന്നെയാണ് റൊണാൾഡോയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസ്‌, ബെർണാഡോ സിൽവ, പെപെ, ജൊവോ കാൻസെലോ, റൂബൻ ഡയസ്‌ തുടങ്ങിയ ഒരുപിടി പ്രതിഭകളുള്ള ടീമിന് മുന്നോട്ടുള്ള പ്രയാണം അസാധ്യമല്ല.

ഇന്നത്തെ മറ്റ് മത്സരങ്ങൾ

മറ്റൊരു മത്സരത്തിൽ മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയും ലോകകപ്പിൽ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് യുറുഗ്വേയുടെ എതിരാളികൾ. ഇന്നത്തെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലൻഡ് കാമറൂണിനെയും നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 3.30നാണ് മത്സരം.

Post a Comment

أحدث أقدم