കത്ത് വിവാദം: മേയര്‍ക്ക് നേരെ കരിങ്കൊടിയുമായി കെ എസ് യു; നഗരസഭയിലും പ്രതിഷേധം

(www.kl14onlinenews.com)
(08-NOV-2022)

കത്ത് വിവാദം: മേയര്‍ക്ക് നേരെ കരിങ്കൊടിയുമായി കെ എസ് യു; നഗരസഭയിലും പ്രതിഷേധം
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോര്‍പറേഷനില്‍ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപി കൊടിനാട്ടി. ഓഫീസിന് മുന്നില്‍ നിലത്ത് കിടന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
മേയര്‍ക്കെതിരെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധം തുടരുകയാണ്. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനിറങ്ങിയ മേയറെ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തുപുരം കോര്‍പ്പറേഷനിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക തേടി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ എഴുതിയത് എന്ന പേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. കത്ത് എഴുതിയത് താനല്ലെന്ന് മേയര്‍ പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു.
'മേയര്‍ ധിക്കാരം കുറയ്ക്കണം. മേയര്‍ രാജിവെക്കേണ്ട, ജനങ്ങള്‍ അടിച്ച് പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി വിജയനാണ്. ഈ സര്‍ക്കാര്‍ വന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പെന്‍ഷന്‍ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂര്‍ നാഗപ്പന്മാര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു. പങ്ക് കച്ചവടത്തില്‍ വിഹിതം കിട്ടാത്തവരാണ് മേയറുടെ കത്ത് പുറത്താക്കിയത്', ചെന്നിത്തല ആരോപിച്ചു.
അതേസമയം കത്ത് സംബന്ധിച്ച പരാതിയില്‍ കേസെടുത്ത ക്രൈംബ്രാഞ്ച് ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഡി ആര്‍ അനില്‍, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴി എടുക്കും. കത്ത് സംബന്ധിച്ച മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.

Post a Comment

Previous Post Next Post