'പ്രത്യാഘാതം' ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഭീഷണിപ്പെടുത്തല്‍: ഗവര്‍ണര്‍

(www.kl14onlinenews.com)
(09-NOV-2022)

'പ്രത്യാഘാതം' ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഭീഷണിപ്പെടുത്തല്‍: ഗവര്‍ണര്‍
മുഖ്യമന്ത്രിക്കെതിരെ (CM) ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). മുഖ്യമന്ത്രി തനിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു. സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍ 'പ്രത്യാഘാതം' ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഭീഷണിപ്പെടുത്തലാണ്. കേരളത്തില്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം കേഡര്‍മാര്‍ക്കു വേണ്ടിയാണെന്നും കേഡറാല്‍ കേഡറുകള്‍ക്ക് വേണ്ടിയുള്ളതാണ് കേരളത്തിലെ ഭരണമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സ്വകാര്യ വാര്‍ത്താചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

ബന്ധു നിയമന ആരോപണങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെല്ലാം അവസാനം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. വിസി നിയമനങ്ങള്‍ യുജിസി ചട്ടം ലംഘിച്ചാണ് നടത്തപ്പെട്ടിരിക്കുന്നത്. സര്‍വകലാശാല തസ്തികകളില്‍ ഇഷ്ടക്കാരെ നിയമിക്കാനാണ് ശ്രമം. വിസി നിയമനങ്ങള്‍ക്കായി മുഖ്യമന്ത്രി കത്തയച്ചു. യോഗ്യത ഇല്ലാത്തയാളെ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശ്രമം നടന്നു. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. സുപ്രീംകോടതി വിധി എല്ലാ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്കും ബാധകമാണ്. നിയമലംഘനത്തിന് കൂട്ട് നില്‍ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ അധികാരത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ്. ഭരണഘടനാനുസൃതമായാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മാത്രമാണ് സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ളത്. സര്‍ക്കാരുമായി മറ്റ് അഭിപ്രായ ഭിന്നതകളില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. താന്‍ ഇഷ്ടക്കാരെ നിയമിച്ചെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനത്തിനായി തിരുവനന്തപുരം മേയര്‍ കത്തയച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post