സിംബാബ്‍വെയെ തകര്‍ത്ത് ഇന്ത്യ; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പാക്- ന്യൂസിലന്‍ഡ് ഒന്നാം സെമി

(www.kl14onlinenews.com)
(06-NOV-2022)

സിംബാബ്‍വെയെ തകര്‍ത്ത് ഇന്ത്യ; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പാക്- ന്യൂസിലന്‍ഡ് ഒന്നാം സെമി
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കതെതിരെ ഇന്ത്യക്ക് 71 റണ്‍സിന്റെ കൂറ്റന്‍. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. 35 റണ്‍സ് നേടിയ റ്യാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും.

സിംബാബ്‌വെ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മധെവേറെയെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍ക്കുകയായിരുന്നു മധെവേറെ. തൊട്ടടുത്ത ഓവറില്‍ മൂന്നാമനായി ഇറങ്ങിയ ചകാബ്വയും മടങ്ങി. ആറ് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. വിംല്യസിനെ, ഷമി തേര്‍ഡ്മാനില്‍ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ചു. ഇര്‍വിനെ റിട്ടേണ്‍ ക്യാച്ചില്‍ ഹാര്‍ദിക് പുറത്താക്കി. പിന്നീട് സിക്കന്ദര്‍ റാസ (34), ബേള്‍ എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. റാസയുയെ ഹാര്‍ദിക് പാണ്ഡ്യയും ബേളിനെ അശ്വിനും പുറത്താക്കിയതോടെ സിംബാബ്‌വെ തകര്‍ന്നടിഞ്ഞു.

നേരത്തെ, ഇന്ത്യയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി രാഹുല്‍. തൊട്ടടുത്ത ഓവറില്‍ രാഹുലും കൂടാരം കയറി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ പുറത്താവാതെയാണ് താരം 61 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് (18) പുറത്തായ മറ്റൊരു താരം. അക്‌സര്‍ പട്ടേല്‍ (0) പുറത്താവാതെ നിന്നു.

ബംഗ്ലദേശിനെ 5 വിക്കറ്റിന് തകർത്തു; ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനും ലോകകപ്പ് സെമിഫൈനലിൽ

അഡ്‌ലെയ്ഡ്, അസംഭവ്യമെന്നു കരുതിയിരുന്ന ഒരു അട്ടിമറിയിലൂടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ജീവവായു തിരിച്ചുകിട്ടിയ പാക്കിസ്ഥാനും ബംഗ്ലദേശും തമ്മിൽ നടന്ന ജീവൻമരണ പോരാട്ടത്തിൽ ഭാഗ്യം പാക്കിസ്ഥാനൊപ്പം. ബംഗ്ലദേശിനെ അഞ്ച് വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ‌ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഗ്രൂപ്പിൽനിന്ന് ഇന്ത്യയ്ക്കൊപ്പമാണ് പാക്കിസ്ഥാന്റെ സെമിഫൈനൽ മാർച്ച്. സിംബാബ്‌വെയ്ക്കെതിരായ മത്സരം വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരാകും.

ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാൻ–ബംഗ്ലദേശ് മത്സരം നോക്കൗട്ട് മത്സരമായി മാറിയത്. നെതർലൻഡ്സിനെതിരെ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കു സെമി ഉറപ്പാകുകയും പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരഫലം അപ്രസക്തമാകുകയും ചെയ്യുമായിരുന്നു.


ബംഗ്ലദേശ് ഉയർത്തിയ 128 റൺസ് വിജലക്ഷ്യം 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ മറികടന്നത്. ഇടയ്ക്കൊന്നു പതറിയെങ്കിലും മുഹമ്മദ് ഹാരിസ് (18 പന്തിൽ 31), ഷാൻ മസൂദ് (14 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് പാക്കിസ്ഥാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും (32 പന്തിൽ 32) ക്യാപ്റ്റൻ ബാബർ അസമും (33 പന്തിൽ 25) ചേർന്ന് 57 റൺസ് എടുത്തിരുന്നു. പിന്നീടെത്തിയ മുഹമ്മദ് നവാസ് (11 പന്തിൽ 4) റണ്ണൗട്ടായി. നാലാം വിക്കറ്റിൽ ഹാരിസും മസൂദും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തത് പാക്ക് വിജയത്തിൽ നിർണായകമായി.

ടോസ് നേടിയ ബംഗ്ലദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ റൺസ് വിട്ടുകൊടുക്കാൻ പിശുക്കിയ പാക്ക് ബോളർമാർ ബംഗ്ലദേശിനെ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുക്കുകയായിരുന്നു. ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ (48 പന്തിൽ 54) അർധസെഞ്ചറിയും അഫീഫ് ഹുസൈൻ (20 പന്തിൽ 24*), സൗമ്യ സർക്കാർ (17 പന്തിൽ 20) എന്നിവരുടെ പ്രകടനവുമാണ് ബംഗ്ലദേശിന് അൽപമെങ്കിലും തുണയായത്. ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ ഓപ്പണർ ലിറ്റൻ ദാസ് എട്ടു പന്തിൽ 10 റൺസെടുത്ത് പുറത്തായി.

ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (പൂജ്യം), മൊസദ്ദെക് ഹുസൈൻ (11 പന്തിൽ 5), നുരുൾ ഹസൻ (പൂജ്യം), ടസ്കിൻ അഹമ്മദ് (5 പന്തിൽ 1), നസും അഹമ്മദ് (6 പന്തിൽ 7) എന്നിവർക്കൊന്നും തിളങ്ങാനായില്ല

പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഷദാബ് ഖാൻ രണ്ടും ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Post a Comment

Previous Post Next Post