ഖത്തറിൽ ബ്രസീൽ-അർജന്റീന സ്വപ്‌ന ഫൈനൽ; പ്രവചനവുമായി ഇഎ സ്‌പോർട്‌സ്

(www.kl14onlinenews.com)
(12-NOV-2022)

ഖത്തറിൽ ബ്രസീൽ-അർജന്റീന സ്വപ്‌ന ഫൈനൽ; പ്രവചനവുമായി ഇഎ സ്‌പോർട്‌സ്
ദോഹ :
ഖത്തർ ലോകകപ്പിന് കേവലം എട്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുൻനിര ടീമുകളെല്ലാം തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാല് വർഷം കൂടുമ്പോൾ വിരുന്നുവരുന്ന ഫുട്‍ബോൾ മാമാങ്കത്തിന് ആരാധകരും ഒരുങ്ങി കഴിഞ്ഞു. ഇതിനിടയിൽ പല പ്രമുഖരും തങ്ങളുടെ പ്രവചനങ്ങളുമായി രംഗത്തുണ്ട്. 2010 ലോകകപ്പിൽ സ്പെയിൻ കപ്പ് നേടുമെന്ന് പ്രവചിച്ച പോൾ നീരാളിയെ കടത്തിവെട്ടാനുള്ള ശ്രമങ്ങളാണ് പലരും നടത്തുന്നത്,

എന്നാൽ ഇപ്പോഴിതാ പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇഎ സ്‌പോർട്‌സ് തങ്ങളുടെ പ്രവചനം നടത്തി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന സ്വപ്‌ന ഫൈനൽ നടക്കുമെന്നാണ് ഇവരുടെ പ്രവചനത്തിൽ പറയുന്നത്. ഫൈനലിൽ ബ്രസീലിനെ തകർത്ത് അർജന്റീന കപ്പ് നേടുമെന്നും ഇഎ സ്‌പോർട്‌സ് പറയുന്നു.
കഴിഞ്ഞ മൂന്ന് ലോകകപ്പിലെയും വിജയികളെ കൃത്യമായി പ്രവചിച്ച റെക്കോർഡുണ്ട് ഇഎ സ്‌പോർട്‌സിന്. എന്നാൽ അർജന്റീന ആരാധകർ ആഘോഷിക്കാൻ വരട്ടെ. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും കിരീട ജേതാക്കളെ കൃത്യമായി പ്രവചിച്ചിട്ടുണ്ടെങ്കിലും അതിന് പുറമെയുള്ള ഇവരുടെ പ്രവചനങ്ങളിൽ വമ്പൻ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നതാണ് ചരിത്രം

ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്‌ത്തി അർജന്റീന ലോകകപ്പ് നേടുമെന്നാണ് ഇഎ സ്‌പോർട്‌സിന്റെ പ്രവചനം. ഓരോ താരങ്ങളുടെ കളിമികവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുന്ന ഫിഫ 23 ഗെയിമിലൂടെ മത്സരങ്ങൾ വിലയിരുത്തിയാണ് ഇവർ ഇത്തവണ പ്രവചനം നടത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്.

ക്വാർട്ടറിൽ ജർമ്മനിയേയും സെമി ഫൈനലിൽ പോർച്ചുഗലിനെയും ബ്രസീൽ വീഴ്‌ത്തും. അര്ജന്റീന ഫ്രാൻസിനെ തോൽപ്പിച്ചായിരിക്കും ഫൈനലിൽ എത്തുക എന്നുമാണ് പ്രവചനം. മെസി 7 മത്സരങ്ങൾ നിന്ന് എട്ട് ഗോളുകൾ നേടുമെന്നും ഇഎ സ്‌പോർട്‌സ് പ്രവചിച്ചു. ഒപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ടും, മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഗോൾഡൻ ബോളും മെസി നേടുമെന്ന് ഇവർ പറയുന്നു.

Post a Comment

Previous Post Next Post