കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി

(www.kl14onlinenews.com)
(14-NOV-2022)

കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി :
,കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാല(കുഫോസ്) വിസി നിയമനം റദ്ദാക്കി ഹൈക്കോടതി. പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനം നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. വൈസ് ചാന്‍സലറായി ഡോ റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

വിസിയെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും നിയമനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികളാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നും റിജി ജോണിന് ഈ യോഗ്യതയില്ലെന്നുമാണ് ഡോ. കെ.കെ. വിജയന്‍, ഡോ. സദാശിവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ഉയരുന്ന ആരോപണം.

തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തുകയായിരുന്നു ഡോ റിജി. അപേക്ഷ നല്‍കിയത് പിഎച്ച്ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സെര്‍ച്ച് കമ്മറ്റി വിസി പദവിയിലേക്ക് ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ യോഗ്യത സംബന്ധിച്ചും ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു.

Post a Comment

Previous Post Next Post