കടക്ക് പുറത്തെന്ന് ഗവര്‍ണര്‍; രണ്ട് മാധ്യമങ്ങളെ വിലക്കി

(www.kl14onlinenews.com)
(07-NOV-2022)

കടക്ക് പുറത്തെന്ന് ഗവര്‍ണര്‍; രണ്ട് മാധ്യമങ്ങളെ വിലക്കി
തിരുവനന്തപുരം :
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കടുത്ത നിലപാടുമായി ഗവര്‍ണര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. രണ്ട് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. മീഡിയ വണ്‍(Media One), കൈരളി(Kairali) ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്. എന്നാല്‍ മുന്‍കൂട്ടി മെയില്‍ അയച്ച് അനുമതി തേടിയ ശേഷമാണ് ഗവര്‍ണറുടെ പ്രതികരണമെടുക്കാന്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍(Journalists) പറയുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍.

നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയിരുന്നു. കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍ എന്നീ ചാനലുകളെയാണ് വിലക്കിയത്. മാധ്യമങ്ങളെന്ന വ്യാജേന പാര്‍ട്ടി കേഡര്‍മാരെത്തുന്നുവെന്ന വാദം പറഞ്ഞാണ് നാല് മാധ്യമങ്ങളുടെയും പ്രതിനിധികളെ അന്ന് ഒഴിവാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' പരാമര്‍ശത്തെ പരിഹസിച്ച് സംസാരിച്ച ഗവര്‍ണര്‍ തന്നെയാണ് നിരന്തരമായി മാധ്യമങ്ങളെ വിലക്കുന്നത്. താന്‍ കടക്ക് പുറത്തെന്ന് പറയാറില്ലെന്നും ആരാണ് പറയുന്നതെന്നും നിങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മാധ്യമങ്ങളോട് ബഹുമാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനിടെ നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ക്ക് മറുപടിയില്ലെന്നും പറഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു

Post a Comment

أحدث أقدم