തലശേരി ഇരട്ട കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ

(www.kl14onlinenews.com)
(24-NOV-2022)

തലശേരി ഇരട്ട കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ

തലശ്ശേരി: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ കൊലപാതകത്തില്‍ നാലാമത്തെ പ്രതിയും പിടിയില്‍. ഒളിവിലായിരുന്ന മുഖ്യ പ്രതി പാറായി ബാബുവാണ് പിടിയിലായത്. തലശ്ശേരി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാബുവും ജാക്‌സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ് മരണമൊഴി നല്‍കിയിരുന്നു. ലഹരി വില്‍പന തടഞ്ഞതിനെ വിരോധം കൊണ്ടാണ് സംഘം ഇരുവരെയും ആക്രമിച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. സിപിഐഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ബന്ധു തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രദേശത്ത ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് ജാക്‌സണ്‍ മര്‍ദ്ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തും. പ്രശ്‌നപരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നു.

Post a Comment

Previous Post Next Post