ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

(www.kl14onlinenews.com)
(26-NOV-2022)

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
കറാച്ചി :
ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമും ഇന്ത്യയിലേക്ക് വരില്ലെന്ന് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകി പിസിബി (പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) തലവൻ റമീസ് രാജ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ബോർഡിന്റെ തീരുമാനപ്രകാരം 2023ൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ അടുത്ത പതിപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും.

എന്നാൽ ഇതിന് പിന്നാലെ ന്യൂട്രൽ വേദിയിൽ ഏഷ്യാ കപ്പ് കളിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് കൂടിയാണ് ജയ് ഷാ. എന്നാൽ ഷായുടെ പ്രഖ്യാപനത്തിൽ നേരത്തെ തന്നെ പിസിബിയിലെ ഉന്നതർക്കും, റമീസ് രാജയ്ക്കും എതിർപ്പുകളുണ്ടായിരുന്നു.

"അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുത്തില്ലെങ്കിൽ പിന്നെ അത് ആരു കാണും? ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യൻ ടീം ഇവിടെ വന്നാൽ ഞങ്ങൾ ലോകകപ്പിന് പോകും. അവർ വന്നില്ലെങ്കിൽ ഞങ്ങളില്ലാതെ അവർക്ക് ലോകകപ്പ് കളിക്കാം" റമീസ് രാജ ഉർദു ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

രാജ്യാന്തര തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യ പാകിസ്ഥാനുമായി ഇപ്പോഴും കളിക്കാറുണ്ട്, എന്നാൽ 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇതുവരെയും ഇന്ത്യൻ ടീം അയൽ രാജ്യത്തേക്ക് യാത്ര ചെയ്‌തിട്ടില്ല. 2012ൽ ആറ് മത്സരങ്ങളുള്ള വൈറ്റ് ബോൾ പരമ്പരയ്ക്കായാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇതിന് ശേഷം അവർ ഇന്ത്യയിലേക്ക് പാരമ്പരയ്ക്കായി വന്നിട്ടില്ല.

Post a Comment

Previous Post Next Post