2011 ലോകകപ്പിന് ശേഷം ഇന്ത്യ എന്ത് നേടി? ചോദ്യവുമായി മൈക്കൽ വോൺ

(www.kl14onlinenews.com)
(11-NOV-2022)

2011 ലോകകപ്പിന് ശേഷം ഇന്ത്യ എന്ത് നേടി? ചോദ്യവുമായി മൈക്കൽ വോൺ
2022ലെ ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിക്ക് ശേഷം ഇന്ത്യയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ രംഗത്ത്. "ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ച വൈറ്റ് ബോൾ ടീം" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വോൺ ഇന്ത്യക്കെതിരായ വിമർശനങ്ങൾ കടുപ്പിച്ചത്.

ടൂർണമെന്റിലെ ഫേവറൈറ്റുകൾ ആയിരുന്ന ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങി പുറത്താവുകയിരുന്നു. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിനെ വോൺ നിശിതമായി വിമർശിച്ചു. " 2011 ഏകദിന ലോകകപ്പ് നേടിയ ശേഷം അവർ എന്താണ് ചെയ്‌തത്‌ ? ഒന്നുമില്ല. പഴഞ്ചൻ ശൈലിയിലാണ് അവരിപ്പോഴും പരിമിത ഓവർ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നത്" വോൺ ആരോപിച്ചു. 

"ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോൾ ടീമാണ് ഇന്ത്യ. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പോകുന്ന ലോകത്തിലെ എല്ലാ കളിക്കാരും അത് അവരുടെ കളിയെ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് പറയുന്നു, എന്നാൽ ഇന്ത്യയ്ക്ക് ഇതുവരെ എന്താണ് അത് നൽകിയത്" ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ വോൺ ചോദിച്ചു.

സ്ക്വാഡിലുണ്ടായിരുന്ന ലെഗ് സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലിന് ഒരു മത്സരം പോലും ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും വോൺ ചോദിച്ചു. 168 എന്ന മിതമായ സ്‌കോർ പ്രതിരോധിക്കുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്റെയും സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു. ഇന്ത്യയുടെ പവർ പ്ലേയിലെ ബൗളിംഗ് ശൈലിയെയും വോൺ കടുത്ത ഭാഷയിൽ വിമർശിച്ചു.

ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ ബിസിസിഐയെ എല്ലാവരും ഭയക്കുന്നുവെന്നും, അതിനാലാണ് ആരും ചോദ്യം ചെയ്യാൻ തയ്യാറാവാത്തതെന്നും വോൺ ചൂണ്ടിക്കാട്ടി. അതേസമയം, നവംബർ 13ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. ന്യൂസിലൻഡിനെ തകർത്താണ് പാക്കിസ്ഥാൻ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്.

Post a Comment

أحدث أقدم