ട്വന്‍റി 20 ലോകകപ്പ് ഫൈനൽ ദിവസം മഴ ഭീഷണി ; റിസര്‍വ് ദിനവും 100 ശതമാനം മഴ പ്രവചനം

(www.kl14onlinenews.com)
(12-NOV-2022)

ട്വന്‍റി 20 ലോകകപ്പ് ഫൈനൽ ദിവസം മഴ ഭീഷണി ; റിസര്‍വ് ദിനവും 100 ശതമാനം മഴ പ്രവചനം
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ – ഇംഗ്ലണ്ട് ഫൈനല്‍ വലിയ ആകാംക്ഷയും ആവേശവുമാണ് സൃഷ്‌ടിക്കുന്നത്. പാകിസ്ഥാന്‍ 1992 ആവര്‍ത്തിക്കുമോ അതോ ഇംഗ്ലണ്ട് പകരംവീട്ടുമോ എന്നതാണ് ഏവരുടേയും ചോദ്യം. എന്നാല്‍ മെല്‍ബണിലെ കാലാവസ്ഥ നല്‍കുന്ന സൂചനകൾ ആരാധകര്‍ക്ക് ഒട്ടും സന്തോഷം നല്‍കുന്ന ഒന്നല്ല. നാളെ ഫൈനല്‍ ദിനം മഴ പെയ്യാന്‍ 100 ശതമാനം സാധ്യതയാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വെതര്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെയും വൈകിട്ടും ഇടിയോട് കൂടി മഴ പെയ്യും. പ്രാദേശിക സമയം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മത്സരം തടസപ്പെട്ടാല്‍ കളി പൂര്‍ത്തിയാക്കാന്‍ 30 മിനുറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.

നാളെ കളി നടന്നില്ലേല്‍ തിങ്കളാഴ്‌ച റിസര്‍വ് ദിനം മത്സരം നടക്കും. എന്നാല്‍ റിസര്‍വ് ദിനത്തിലും മഴ സാധ്യതയുണ്ട്. ഞായറാഴ്‌ച എവിടെയാണോ കളി അവസാനിപ്പിച്ചത് അവിടെ നിന്നാണ് റിസര്‍വ് ദിനം മത്സരം പുനരാരംഭിക്കുക. റിസര്‍വ് ദിനം മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്‍റെ പ്രവചനം.

മഴ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സരസമയത്തില്‍ ഐസിസി മാറ്റം വരുത്തിയിട്ടുണ്ട്. നാളെ ഇന്ത്യന്‍ സമയം 1.30ന് തുടങ്ങേണ്ട മത്സരം മഴമൂലം റിസര്‍വ് ദിനമായ മറ്റന്നാളത്തേക്ക് മാറ്റിവെക്കുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂര്‍ അധികസമയം നേരത്തെ ഐസിസി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐസസി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

നാളെ 1.30ന് തുടങ്ങേണ്ട മത്സരം റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ സമയം 10.30ന്(പ്രാദേശിക സമയം വൈകിട്ട് 3.30) തുടങ്ങാനാണ് സാധ്യത. റിസര്‍വ് ദിനത്തിലും മഴ തുടരുകയും മത്സരം പൂര്‍ത്തിയാക്കേണ്ട നിശ്ചിത സമയവും അധികമായി അനുവദിച്ച നാല് മണിക്കൂര്‍ കഴിഞ്ഞും മത്സരം സാധ്യമാകാതിരിക്കുകയും ചെയ്താല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. നോക്കൗട്ട് മത്സരങ്ങളില്‍ കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും മത്സരം നടത്തിയാല്‍ മാത്രമെ മത്സരത്തിന് ഫലമുണ്ടാകൂ. ഈ സാഹചര്യത്തില്‍ മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ചാലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കില്‍ മത്സരം മറ്റന്നാളത്തേക്ക് മാറ്റും.

മറ്റന്നാള്‍ ശേഷിക്കുന്ന ഓവറുകള്‍ പൂര്‍ത്തിയാക്കാനായാല്‍ മത്സരം പൂര്‍ത്തിയാക്കി വിജയികളെ കണ്ടെത്താനാവും. നിശ്ചിത സമയത്തിനും അധികമായി അനുവദിച്ച നാലു മണിക്കൂറിനും ശേഷവും കളി 10 ഓവര്‍ വീതം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മാത്രമായിരിക്കും പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുക. നാളെ തന്നെ മത്സരം പൂര്‍ത്തിയാക്കാനാണ് ഐസിസി പരമാവധി ശ്രമിക്കുന്നത്.

Post a Comment

Previous Post Next Post