വൻമരങ്ങൾ വീഴുന്നു,​ ഖത്തറിൽ വീണ്ടും അട്ടിമറി,​ ജർമ്മനിയെ തകർത്ത് ജപ്പാൻ,​ വിജയം 2-1ന്

(www.kl14onlinenews.com)
(23-NOV-2022)

വൻമരങ്ങൾ വീഴുന്നു,​ ഖത്തറിൽ വീണ്ടും അട്ടിമറി,​ ജർമ്മനിയെ തകർത്ത് ജപ്പാൻ,​ വിജയം 2-1ന്

ദോഹ :
ഖത്തർ ലോകകപ്പിൽ ഇനിയെന്തൊക്കെ കാണാനുണ്ടാകും! ഇന്നലെ അർജന്റീനയാണെങ്കിൽ ഇന്ന് നറുക്ക് വീണത് കരുത്തന്മാരായ ജർമനിക്കാണ്. സൗദിയോട് തോറ്റ അർജന്റീനയുടെ അവസ്ഥയിലായി ജർമനി. ഇത്തിരിക്കുഞ്ഞന്മാരെന്ന പരിഹാസമേറ്റുവാങ്ങിയ ജപ്പാനോടാണ് ജർമനി 2-1 ന് പരാജയമേറ്റുവാങ്ങിയത്
കഴിഞ്ഞ ദിവസത്തെ അർജന്റീന-സൗദി മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ഇന്നത്തെ ജർമനി-ജപ്പാൻ മത്സരം. സൗദിയുടെ അനുഭവം മുന്നിലുള്ളതു കൊണ്ട് ആദ്യം ലീഡ് നേടിയെങ്കിലും ജർമനി ആരാധകർക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു. ഒടുവിൽ ആ ഭയപ്പെട്ടതു തന്നെ ജപ്പാൻ നൽകുകയും ചെയ്തു. ഒന്നിന് പകരം രണ്ട് ഗോളുകൾ നൽകിയാണ് ജപ്പാൻ എന്ന കുഞ്ഞൻ കരുത്തന്മാരെന്ന് വാഴ്ത്തപ്പെട്ട ജർമനിയെ മലർത്തിയടിച്ചത്.
 ആദ്യത്തെ 75 മിനുറ്റ് വരെ ഒറ്റ ഗോളിന്റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു സാമുറായിപ്പട. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. ജപ്പാൻ ജർമനിയെ തോല്പിച്ചതോടെ ഫിഫ ലോകകപ്പിൽ അട്ടിമറി തുടര്‍ക്കഥയായിരിക്കുകയാണ്.

തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ വീണതോടെയാണ് ഉണര്‍ന്നുകളിച്ചത്. 31-ാം മിനുറ്റില്‍ പന്ത് പിടിക്കാന്‍ മുന്നോട്ടിറങ്ങിയ ജപ്പാന്‍ ഗോളി ഗോണ്ട, റാവുമിനെ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. വാര്‍ തീരുമാനത്തിനൊടുവില്‍ പെനാല്‍റ്റി കിക്കെടുത്ത പരിചയസമ്പന്നന്‍ ഗുണ്ടോഗന്‍ അനായാസം പന്ത് വലയിലാക്കി. പിന്നാലെ ഹാവെര്‍ട്‌സ് നേടിയ ഗോള്‍ വാറിലൂടെ ഓഫ്‌സൈഡായി മാറുകയും ചെയ്തു. സമനില പിടിക്കാനുള്ള അവസരം ഇഞ്ചുറിടൈമില്‍ ജപ്പാന്റെ മയേദ പാഴാക്കിയതോടെ മത്സരം 1-0ന് ജര്‍മനിക്ക് അനുകൂലമായി ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിലും ജര്‍മനി ശ്രമിച്ചെങ്കിലും ഷോട്ടുകളുടെ ലക്ഷ്യം പിഴച്ചു. ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ 67-ാം മിനുറ്റില്‍ മുള്ളറെയും ഗുണ്ടോകനെയും പിന്‍വലിക്കാന്‍ ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക് നിര്‍ബന്ധിതനായി. 70-ാം മിനുറ്റില്‍ ജര്‍മനിയുടെ നാല് തുടര്‍ ഷോട്ടുകള്‍ തടുത്ത് ജപ്പാന്‍ ഗോളി കയ്യടിവാങ്ങി. എന്നാല്‍ 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്റേതാക്കി മാറ്റി.

Post a Comment

أحدث أقدم