1930നുശേഷം ആദ്യം, അര്‍ജന്‍റീനയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

(www.kl14onlinenews.com)
(22-NOV-2022)

1930നുശേഷം ആദ്യം, അര്‍ജന്‍റീനയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്
ദോഹ: ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡും. സൗദി അറേബ്യക്കെതിരെ മെസിയുടെ പെനല്‍റ്റി ഗോളില്‍ ആദ്യം ലീഡെടുത്തശേഷമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി അര്‍ജന്‍റീന ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് അര്‍ജന്‍റീന ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യ പകുതിയില്‍ ലിഡെടുത്തശേഷം തോല്‍ക്കുന്നത്.

1930ല്‍ യുറുഗ്വേക്കെതിരെ ആയിരുന്നു അര്‍ജന്‍റീന ആദ്യ പകുതിയില്‍ ലീഡെടുത്തശേഷം ആദ്യമായി തോല്‍വി വഴങ്ങിയത്. പിന്നീട്  92 വര്‍ഷം അര്‍ജന്‍റീനക്ക് ഇത്തരമൊരു തോല്‍വി പിണഞ്ഞിട്ടില്ല. അന്ന് അര്‍ജന്‍റീനക്കെതിരെ 12ാം മിനിറ്റില്‍ പാബ്ലോ ഡൊറാഡോയുടെ ഗോളില്‍ യുറുഗ്വോ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 20ാം മിനിറ്റില്‍ കാര്‍ലോസ് പ്യൂസെല്ലെ, 37-ാം മിനിറ്റില്‍ ഗ്വില്ലെര്‍മോ സ്റ്റാബിലെ എന്നിവരുടെ ഗോളിലൂടെ അര്‍ജന്‍റീന മുന്നിലെത്തി

രണ്ടാം പകുതിയില്‍ സാന്‍റോസ് ഇറിയാര്‍ട്ടെ, ഹെക്ടര്‍ കാസ്ട്രോ എന്നിവരുടെ ഗോളിലൂടെ യുറുഗ്വേ വിജയം നേടി. രണ്ടിനെതിരെ നാലു ഗോളിനായിരുന്നു അന്ന് യുറുഗ്വോ അര്‍ജന്‍റീനയെ തകര്‍ത്തതെങ്കില്‍ ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി അര്‍ജന്‍റീനയെ വീഴ്ത്തിയത്.

സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കൊലാണിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്‍റീന ലോകകപ്പിനെത്തിയത്. എന്നാല്‍ സൗദിക്കെതിരായ തോല്‍വിയോടെ അര്‍ജന്‍റീനയുടെ അപരാജിയത റെക്കോര്‍ഡും തകര്‍ന്നടിഞ്ഞു.

Post a Comment

أحدث أقدم