നഗരസഭ കൗൺസിൽ യോഗത്തിൽ മുദ്രാവാക്യം വിളി, 13 യു.ഡി.എഫ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു

(www.kl14onlinenews.com)
(26-NOV-2022)

നഗരസഭ കൗൺസിൽ യോഗത്തിൽ മുദ്രാവാക്യം വിളി, 13 യു.ഡി.എഫ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു

കാഞ്ഞങ്ങാട്: ലോഗ് ബുക്ക്‌ അഴിമതിയെച്ചൊല്ലി കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. കൗൺസിൽ യോഗം നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷ കൗൺസിലർമാരായ 13 പേരെ ചെയർപേഴ്സൻ കെ.വി. സുജാത സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ആരംഭിച്ച കൗൺസിൽ യോഗമാണ് പ്രക്ഷുബ്ദമായത്.
ലോഗ്ബുക്ക് അഴിമതി സംബന്ധിച്ചുള്ള വിഷയം മറ്റ് അജണ്ടകൾക്ക് മുമ്പ് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് യു.ഡി.എഫിൽ നിന്നുമുള്ള കെ.കെ. ജാഫറും ടി.കെ. സുമയ്യയും ആവശ്യപ്പെട്ടു. അജണ്ടകളിൽ ചർച്ച പൂർത്തിയാക്കി ലോഗ്ബുക്ക് വിഷയം ചർച്ചക്കെടുക്കാമെന്ന് ചെയർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണമാവശ്യപ്പെടണമെന്നുമുള്ള നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിന്നതോടെയാണ് ചെയർപേഴ്സൻ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. 13 യു.ഡി.എഫ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതായി ചെയർപേഴ്സൻ പ്രഖ്യാപിച്ചു. എന്നാൽ യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.

യോഗസ്ഥലത്ത് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇതോടെ അജണ്ടകൾ അംഗീകരിച്ചതായി അറിയിച്ച് ചെയർപേഴ്സൻ യോഗം പിരിച്ചുവിട്ടു.കെ.കെ. ജാഫർ, ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ, സി.കെ. അഷറഫ്, ടി. മുഹമ്മദ് കുഞ്ഞി, അനീസ ഹംസ, കെ.കെ. ബാബു, അസ്മ മാങ്കൂർ, സെവൻസ്റ്റാർ അബ്ദുദുൾ റഹ്മാൻ, ഹസീന റസാഖ്, വി.വി. ശോഭ, കെ. ആയിഷ, റസിയ ഗഫൂർ എന്നീ യു.ഡി.എഫ്. കൗൺസിലർമാരെയാണ് സസ്പെൻഡ് ചെയ്തത്.

Post a Comment

أحدث أقدم