‘പോരാട്ടം തുടരും’ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നു; നിരാഹാരം അവസാനിപ്പിച്ച് ദയാബായി

(www.kl14onlinenews.com)
(19-Oct-2022)

‘പോരാട്ടം തുടരും’
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നു; നിരാഹാരം അവസാനിപ്പിച്ച് ദയാബായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തി കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദയാബായി പറഞ്ഞു. എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് അഞ്ച് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍ഗോഡിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദയാബായി സമരം നടത്തിയത്. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു ദയാബായി സ്വീകരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ദയാബായിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

പ്രായോഗികമായി എന്ത് നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ രേഖാമൂലം കൈമാറിയത്. എന്നാല്‍ ദയാബായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.



പതിനെട്ട് ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ ദയാബായി നടത്തി വന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം ഒത്തുതീർപ്പായി

കാസർകോട് ജില്ലയിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദയാബായി നടത്തിയ നിരാഹാരം ആരോഗ്യവകുപ്പ് മന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ച ആദ്യ ഘട്ടത്തിൽ ദയാബായിക്ക് നൽകിയ രേഖയിൽ അവ്യക്‌ത നിലനിന്നതു കൊണ്ട് സമരം പിൻവലിക്കാതെ പോവുകയും തീരുമാനങ്ങളിൽ വ്യക്തത വരുത്തി രേഖാപരമായി നൽകിയതിനെ തുടർന്ന് നിരാഹാരം പിൻവലിക്കുകയായിരുന്നു. മന്ത്രി വീണജോർജും,
ആർ.ബിന്ദുവും ചേർന്ന് ദയാബായിയെ നേരിൽ കണ്ട് തീരുമാനം ഉറപ്പുവരുത്തി.
മന്ത്രിമാരോട് നിരാഹാരസമരം നിർത്തിവയ്ക്കുന്നതായി ദയാബായി അറിയിച്ചു. ശാരീരിക അസ്വസ്ഥതകൾക്കിടയിലും മാനസിക ശക്തി ചോരാതെ നിരാഹാരം തുടർന്നു പോവുകയായിരുന്നു എൺപത്തിരണ്ടു വയസ്സ് തികഞ്ഞ ദയാബായി . സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ വച്ച് പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ നിരാഹാരസമരം പിൻവലിച്ചതായി പ്രഖ്യാപിച്ചു. എൻഡോസൾഫാൻ വിഷയം ഭരണപക്ഷത്തിനെ വിമർശിക്കാനുള്ള ഒരായുധമായി ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി
ദയാബായിയെ ആസ്പത്രിയിൽ സന്ദർശിച്ചു.

എൻഎ നെല്ലിക്കുന്ന്
എം എൽ എ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ,
എം ഷാജർഖാൻ,
കരീം ചൗക്കി. ഷാഫി കല്ലുവളപ്പ് എന്നിവർ സംസാരിച്ചു.
വിവിധ ദിവസങ്ങളിലായി
ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമര പന്തലിലെത്തി.
സമരത്തെ സഹായിച്ച മാധ്യമ സുഹൃത്തുക്കൾക്കും വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾക്കും ദയാബായി സമരസംഘാടക സമിതി നന്ദി അറിയിച്ചു.

Post a Comment

أحدث أقدم