(www.kl14onlinenews.com)
(02-Oct-2022)
തലശ്ശേരി:
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര തലശ്ശേരി ടൗണ്‍ ഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരിക്ക് പോലീസ് ടൗണ്‍ ഹാളില്‍ ആദരം അര്‍പ്പിച്ചു. ഇന്ന് രാത്രി 12 മണി വരെ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഒഴുകി എത്തുന്നത്. വിലാപയാത്ര കടന്നു പോയ വഴികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചിരുന്നു.
ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരിയിലേക്ക് തിരിച്ചത്. തുറന്ന വാഹനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. യാത്ര കടന്നുപോകുന്ന റോഡുകളുടെ ഇരുവശവും അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ കാത്തുനിന്നിരുന്നു.
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോയത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.
ഒക്ടോബര്‍ 3ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാര്‍ട്ടി പതാക താഴ്ത്തികെട്ടിയിരുന്നു.
ഇന്നലെയാണ് അസുഖബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ചിരിക്കുന്ന വിപ്ലവകാരിഎന്ന് വിമര്‍ശകര്‍ പോലും പറഞ്ഞിരുന്ന, സമന്വയത്തിന്റെ വിപ്ലവ നക്ഷത്രമാണ് കേരളീയര്‍ക്ക് നഷ്ടമായത്. വിഎസ് മന്ത്രിസഭയിലെ രണ്ടാമനായും ആഭ്യന്തരം വിജിലന്‍സ് ടൂറിസം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്.
സിപിഎമ്മിന്റെ ഏറ്റവും സങ്കീര്‍ണമായ സമയമായിരുന്ന കാലത്ത് പോലും വിവാദ വിഷയങ്ങളെ ലളിതമായ ശൈലിയില്‍ മറികടന്ന അതിശക്തനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
പാര്‍ട്ടിയും മന്ത്രി സഭകളും നേരിടേണ്ടിവന്ന വിഷമ ഘട്ടങ്ങളെ തന്മയത്വമായി സമന്വയത്തിന്റെ പാതയിലൂടെ മറികടന്ന് എതിര്‍പക്ഷത്തിനു പോലും അംഗീകരിക്കാന്‍ ആവുന്ന ഫോര്‍മുലകള്‍ കണ്ടെത്തിയ ആളാണ് കോടിയേരിയിലെ രാഷ്ട്രീയക്കാരന്‍ . കോടിയേരിയുടെ കയ്യൊപ്പ് പതിഞ്ഞ ഒരുപാട് സംഭവങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ട്.
സൗഹൃദപരമായ പെരുമാറ്റത്തിലൂടെ ഏവരോടും സംസാരിക്കാനുള്ള മനസ്സും വിഷയങ്ങള്‍ പരിഹരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും പലകുറി കേരളീയ സമൂഹത്തില്‍ തെളിയിക്കപ്പെട്ടതാണ്. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിലെ പൊതുസമൂഹത്തിന് വലിയ മുതല്‍ക്കൂട്ട് തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവ്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ പിണറായിയോടൊപ്പം കഴിഞ്ഞ കോടിയേരി പിണറായിക്കൊപ്പം നിന്നുകൊണ്ട് പാര്‍ട്ടിയില്‍ പടുത്തുയര്‍ത്തിയ ഏറെ വ്യത്യസ്തവും നാളിതുവരെ പരീക്ഷിക്കാത്തതുമായ ഒരു പുതിയ തരം ശൈലിയാണ് ഇക്കാലഘട്ടത്തില്‍ സിപിഎം പിന്തുടര്‍ന്നത്. സിപിഎമ്മിന്റെ ആധുനികകാല വളര്‍ച്ചയില്‍ പോലും സമീപനത്തിന്റെ ഈ അലയൊലികള്‍ ഭംഗിയായി സ്വാധീനം ചെലുത്തിയതായി കാണാം.
തലശ്ശേരിയില്‍ പാര്‍ട്ടി ജാതി മത വര്‍ഗ്ഗ ഭേദമന്യേ നടത്തിയ വന്‍തോതിലുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് കോടിയേരി എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മുസ്ലിം സ്വാധീനമുള്ള മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിക്കാന്‍ സഹായിച്ചത്.
അപാരമായ മനസ്സാന്നിധ്യവും വിഷമഘട്ടങ്ങളെ ചിരിച്ചുകൊണ്ട് അതിജീവിക്കാനുള്ള മനസ്സും കരസ്ഥമാക്കിയിരുന്ന ഈ കമ്മ്യൂണിസ്റ്റിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനും വിലമതിക്കാനാകാത്ത നഷ്ടമാണ്.
إرسال تعليق