(www.kl14onlinenews.com)
(04-Oct-2022)
'കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്'; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും പ്രതികളായവരെ കുറിച്ചും എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും ഈ കേസുകളില്‍ പ്രതികളായവരെ കുറിച്ചുമാണ് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നാണ് വിവരം.
അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 'എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വരെ നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല', രാജീവ് കുമാര്‍ പറഞ്ഞു.
Post a Comment