​​ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

​​(www.kl14onlinenews.com)
(25-Oct-2022)

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം
ഗവർണറുമായുള്ള സർക്കാർ ഭിന്നത കൂടുതൽ രൂക്ഷമായതോടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി ഇടത് മുന്നണി (ldf). ഇന്നും നാളെയുമായി ഇടതുമുന്നണി ഗവർണറുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സിപിഎം (cpim) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പ്രതിഷേധ കൂട്ടായ്‌മ നടക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.

നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്ക് ചേരും എന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആവർത്തിക്കുന്ന ഇടത് മുന്നണി ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിർത്താനാണ് ലക്ഷ്യമിടുന്നത്.

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തിൽ നിന്ന് ഗവർണർ അയഞ്ഞിരുന്നു. അഭ്യർത്ഥന എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.

സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത്. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ പറഞ്ഞു.

ഗവർണറുടെ അസാധാരണ ഉത്തരവിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് ദീർഘമായ വാർത്താ സമ്മേളനത്തിലൂടെ ഗവർണർ മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉൾപ്പെടെ പരാമർശിച്ചായിരുന്നു രാജ്ഭവനിൽ ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم