എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കഴിയുന്നത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍, പോരാട്ടം തുടരും- ദയാബായി

(www.kl14onlinenews.com)
(21-Oct-2022)


എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കഴിയുന്നത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍, പോരാട്ടം തുടരും- ദയാബായി
പതിനെട്ട് ദിവസത്തെ സത്യാഗ്രഹം കഴിഞ്ഞ് സമരപന്തലിൽ നിന്നെത്തിയതേയുള്ളൂ ദയാബായി. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും മനസിന്റെ ഊർജം ഒട്ടും കുറഞ്ഞിട്ടില്ല ഈ 82 വയസ്സുകാരിക്ക്. ആശയറ്റവർക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരാൻ തന്നെയാണ് അവരുടെ തീരുമാനം.

രണ്ടാഴ്ചയിലധികം സെക്രട്ടേറിയറ്റ് നടയിൽ മഴയും വെയിലും കൊണ്ട് കിടന്നു. ഒരുപാട് വൈകിയ ശേഷമാണ് മന്ത്രിമാർ കാണാൻ വന്നത്. സർക്കാർ തീരുമാനം വന്നത് അതിലും വൈകി. ഉന്നയിച്ച പ്രധാന ആവശ്യത്തെ പറ്റി ഒന്നും പറയുന്നുമില്ല. എന്താണ് പറയാനുള്ളത്?

സമരം തല്ക്കാലം അവസാനിപ്പിച്ചു എന്നേയുള്ളൂ. എൻഡോസൾഫാൻ ബാധിതർക്ക് നീതി ഉറപ്പാകുന്നതുവരെ ഈ പോരാട്ടം തുടരും. 2018ലാണ് എൻഡോസൾഫാൻ വിഷയത്തിൽ ഞാനിടപെടുന്നത്. കാസർകോട് അമ്പലത്തറയിൽ എത്തിയപ്പോഴാണ് ആരുടെയൊക്കെയോ അനാസ്ഥയ്ക്ക് ബലിയാടുകളായി ജീവിക്കേണ്ടി വന്ന കുറേ മനുഷ്യക്കുട്ടികളെ കണ്ടത്. മനുഷ്യരൂപമില്ലാത്ത ആ കുട്ടികൾ മനസ് പൊള്ളിച്ചു. ഞാൻ കരഞ്ഞുപോയി.

അത്തരമൊരു കാഴ്ച മുമ്പ് ഞാൻ അനുഭവിച്ചത് ജർമനിയിൽ ആൻഫ്രാങ്കിന്റെ വീട്ടിൽ എത്തിയപ്പോഴാണ്. അവിടെയൊരു മ്യൂസിയമാണിപ്പോൾ. നാസികളുടെ കോൺസൺട്രേഷൻ ക്യാമ്പ് അനുഭവങ്ങളൊക്കെ കണ്ടും കേട്ടും അറിയാവുന്ന ആ മ്യൂസിയം എന്നെ കരയിപ്പിച്ചു. എന്തിനാണ് ഈ ക്രൂരതകൾ വീണ്ടും വീണ്ടും ആളുകളെ അനുഭവിപ്പിക്കുന്നത്. ഞാൻ അതിന്റെ നടത്തിപ്പുകാരോട് ചോദിച്ചു. ലോകം ഇനി ഈ വഴി തെരെഞ്ഞെടുക്കാതിരിക്കാൻ വേണ്ടിയാണ്. അവർ പറഞ്ഞു.

കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർ ജീവിക്കുന്നതും ആരോ ഒരുക്കിവെച്ച കോൺസൺട്രേഷൻ ക്യാമ്പുകളിലാണ്. അവർക്കതിൽ നിന്ന് മോചനം നൽകേണ്ടത് ഭരണകൂടമാണ്. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന എല്ലാ അവകാശങ്ങൾക്കും ഈ മനുഷ്യരും അർഹരാണ്. അവരെ കണ്ടില്ലെന്ന് നടിച്ച് പോവാൻ സർക്കാരുകളെ അനുവദിക്കാനാവില്ല. ജനങ്ങളാണല്ലോ അവരെ തിരെഞ്ഞടുത്തത്. സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടും എന്നുതന്നെയാണ് വിശ്വാസം. എയിംസ് കാസർകോടേയ്ക്ക് കൊണ്ടുവരാൻ അനുകൂല നടപടികളുണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.

ഇപ്പോഴും അവരുടെ പ്രശനങ്ങൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. ഒരു മാസം 2000 രൂപ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകാറുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ഈ പണം ഇവർക്ക് കിട്ടുന്നില്ല. ഇതൊക്കെ ആരുടെ അനാസ്ഥയാണ്. പലരും മരുന്നുവാങ്ങുന്നത് ഈ തുക കിട്ടിയിട്ടാണ്. ഇതൊക്കെ കൃത്യസമയത്ത് കൊടുക്കാനെങ്കിലും വ്യവസ്ഥ വേണ്ടേ ?

ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ കിടന്നിട്ടും രണ്ടാഴ്ച കഴിയുന്നതുവരെ ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞുനോക്കിയില്ല. രണ്ടു മന്ത്രിമാർ എത്തിയതും ഏറെ വൈകിയാണ്. ഇവിടെ ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ പരിഹരിക്കുന്നത് കുറവാണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ നിർദേശം നൽകിയാൽ മാത്രമേ ഉദ്യോഗസ്ഥർ അനങ്ങാറുള്ളൂ. മധ്യപ്രദേശിൽ ഒരു സ്കൂളുമായി തുറക്കുന്നതുമായി ബന്ധപ്പെട്ട്് ഒരു സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ കളക്ടറും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി സ്കൂളിന് അനുമതി നൽകി. ഇവിടെ അത്തരമൊരു പരാതി പരിഹാരമില്ലെന്നാണ് മനസിലാക്കിയത്. എല്ലാം മന്ത്രി പറഞ്ഞാലേ നടക്കൂ.

മലയാളിയാണെങ്കിലും കേരളത്തിന് പുറത്താണ് ഇതിനുമുമ്പ് നടത്തിയ സമരങ്ങളെല്ലാം. വർഷങ്ങൾക്കുമുമ്പ് പശ്ചിമഘട്ടസംരക്ഷണ ജാഥയിൽ പങ്കെടുത്തു. പിന്നീടിപ്പോൾ ഇടപെടുന്നത് എൻഡോസൾഫാൻ സമരത്തിലാണ്. കേരളത്തിൽ താമസിക്കാൻ ഇഷ്ടമില്ലെന്ന് നേരത്തെതന്നെ പറഞ്ഞു,ഇപ്പോഴും അതേ തീരുമാനത്തിൽ തന്നെയാണോ ?

ഇനി കുറച്ചുകാലം കേരളത്തിലുണ്ടാകും. ജീവിക്കാനുള്ള സ്ഥലങ്ങളിൽ കേരളം ആദ്യം എന്റെ പരിഗണനയിലില്ലായിരുന്നു. കാപട്യം നിറഞ്ഞ സമൂഹം,രാഷ്ട്രീയക്കാർ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ആത്മാർഥതയുള്ളവരായി വളരെ കുറച്ചു പേരെയെ കണ്ടിട്ടുള്ളൂ. മധ്യപ്രദേശിലെ ബറൂളിലെ വീട്ടിൽ വിശ്രമജീവിതത്തിനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഒപ്പം ആത്മകഥയുടെ രചനയിലും. ആ സമയത്താണ് കാസർകോട് വരുന്നത്. എൻഡോസൾഫാൻ ബാധിതരോട് മാറിമാറിവരുന്നസർക്കാറുകൾ കാണിക്കുന്ന ദയാരാഹിത്യം ഇപ്പോഴും എന്നെ ചുട്ടുപ്പൊള്ളിക്കുന്നു. ആദ്യതവണ കാസർകോടുവന്നു തിരിച്ചു പോകുമ്പോൾ ഞാൻ കരയുകയായിരുന്നു. ബറൂളിലെ വീട്ടിൽ എന്റെ കരച്ചിൽ കാണാൻ എന്റെ പട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത തവണ കാസർകോട് വന്നതു തന്നെ എൻഡോസൾഫാൻ ബാധിതർക്കു വേണ്ടിയാണ്. കാസർകോട് അമ്പലത്തറയിലെ സ്നേഹവീട് എൻഡോസൾഫാൻ ബാധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പകൽവീടാണ്. ഈ കുട്ടികൾക്ക് തെറാപ്പി നൽകാൻ തണൽ എന്ന സംഘടനയുമായി സംസാരിച്ചു. കുട്ടികൾക്ക് ഫിസിയോ തെറാപ്പി,സ്പീച്ച് തെറാപ്പി,ബിഹേവിയർ തെറാപ്പി, സ്കിൽ ഡെവലപ്മെന്റ് തുടങ്ങിയവ നൽകാൻ തുടങ്ങി. അത് കുട്ടികളിൽ മാറ്റങ്ങളുണ്ടാക്കി

ആറായിരത്തിലധികം എൻഡോസൾഫാൻ ബാധിതർ വിവിധ പഞ്ചായത്തുകളിലുണ്ട്. അവർക്കെല്ലാം നല്ല ചികിത്സയും റീഹാബിലിറ്റേഷനും കിട്ടണം. നല്ല ഡോക്ടർമാർ വരണം. എന്തെങ്കിലും അസുഖം വന്നാൽ മംഗലാപുരം പോകേണ്ട അവസ്ഥയാണ്. മികച്ച ഒരു ആശുപത്രി കാസർകോടിനിന്നും സ്വപ്നമാണ്. കോവിഡ് വന്നപ്പോഴാണ് ഇതിന്റെ രൂക്ഷത അവർ ശരിക്കും അനുഭവിച്ചത്. അതിർത്തി അടച്ചപ്പോൾ മംഗലാപുരത്തേയ്ക്കുള്ള വഴിയും അടച്ചു. അതോടു കൂടെ ചികിത്സ മുടങ്ങി. കേരളത്തിൽ എയിംസ് അനുവദിക്കുകയാണെങ്കിൽ അത് വരാൻ ഏറ്റവും അനുയോജ്യം എൻഡോസൾഫാൻ ഇരകളുള്ള കാസർകോട് തന്നെയാണ്.

എനിക്ക് കേരളത്തിൽ കുറച്ചുകാലം ജീവിക്കേണ്ടിവരും. ബറൂളിൽ ഞാൻ ജൈവകൃഷി ചെയ്യുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. വിദേശസർവകലാശാലകളിൽ ക്ലാസുകൾ എടുക്കുന്നു. എൻഡോസൾഫാൻ ബാധിതർക്ക് ജൈവകൃഷി പറഞ്ഞുകൊടുക്കണം എന്നൊക്കെയുണ്ട്. എന്തായാലും ആദ്യം അവർക്ക് മികച്ച ചികിത്സ കിട്ടട്ടെ. നല്ല ആശുപത്രികൾ വരട്ടെ, അവർക്കുള്ള സാമ്പത്തിക സഹായങ്ങൾ കൃത്യസമയത്ത് കിട്ടട്ടെ. അതുവരെ ഞാൻ ഇവിടെയുണ്ടാകും.

കേരളം എനിക്ക് തന്ന മോശം അനുഭവങ്ങൾ ഞാൻ ഓർക്കാറില്ല. വസ്ത്രം നോക്കി ആളുകളെ വിലയിരുത്തുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. ഇനി ആദിവാസികളുടെ വസ്ത്രം ധരിച്ചാൽ മതി എന്നത് ഞാനെടുത്ത ഒരു തീരുമാനമാണ്. ബസിലും ട്രയിനിലും സഞ്ചരിക്കുമ്പോൾ കേരളത്തിൽ മാത്രമേ അതൊരു പ്രശ്നമായി മാറിയിട്ടുള്ളൂ. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് പ്രശ്നമല്ല.

ഈ ധൈര്യം, ഈ ഊർജം എവിടെനിന്ന് കിട്ടുന്നു?

അനുഭവങ്ങൾ തന്നതാണ്. പപ്പ കോട്ടയം പൂവരണി സ്വദേശി മാത്യു സ്വാതന്ത്യസമര സേനാനിയായിരുന്നു. പപ്പയ്ക്കായിരുന്നു എന്നെയോർത്ത് ഏറെ അഭിമാനം. അദ്ദേഹം സാമൂഹിക പ്രവർത്തകൻ കൂടെയായിരുന്നു. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് പരിഹാരം കാണും.ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധ്യപുരുഷൻ, എന്റയും.

പതിനാറാമത്തെവയസ്സിൽ മേഴ്സി മാത്യുവെന്ന ഞാൻ കന്യാസ്ത്രീ മഠത്തിൽ ചേർന്നു. പിന്നെ വടക്കേ ഇന്ത്യയിലായി ജീവിതം. ഇടയ്ക്ക് കന്യാസ്ത്രീമഠം വിട്ടു. പക്ഷെ യേശുവിനെ വിട്ടില്ല. മനുഷ്യരുടെ ഇടയിൽ പ്രവർത്തിക്കുന്ന യേശു ആയി പിന്നീട് എന്റെ റോൾ മോഡൽ. അശരണർക്ക് വേണ്ടി ജീവിക്കണമെന്ന് ആഗ്രഹം മദർതേരേസയിൽ നിന്ന് കിട്ടിയതാണ്. പിന്നീട് പഠിച്ചു, ഉന്നതബിരുദങ്ങൾ നേടി. ബംഗാളിലും ഇന്ത്യാ-പാക് യുദ്ധകാലത്ത് ബംഗ്ളാദേശിലും സന്നദ്ധസേവനം നടത്തി. നിരവധി സമരങ്ങളുടെ ഭാഗമായി. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ചു. ഇപ്പോൾ അവിടെതന്നെ താമസിക്കുന്നു.
മനുഷ്യാവകാശലംഘനങ്ങൾ എനിക്ക് സഹിക്കാൻകഴിയില്ല. ഒരു തീരുമാനം ഉണ്ടാവും വരെ പ്രവർത്തിക്കും. ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കുന്ന കാര്യങ്ങൾ തന്നെയാണ് മുന്നോട്ടുപോകാനുള്ള ഊർജവും ധൈര്യവും.

ദയാബായിയുടെ രാഷ്ട്രീയം എന്താണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖമാണ് എന്റെ രാഷ്ട്രീയം. അതെനിക്ക് മനപാഠമാണ്. അത് ദിവസവും പ്രാർഥന പോലെ ആവർത്തിക്കാറുമുണ്ട്. അത് ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അത് ഉറപ്പുവരുത്തേണ്ട്ത് ഭരണാധികാരികളുടെ ചുമതലയാണ്. അല്ലാതെ രാഷ്ട്രീയ പാർട്ടിയിലേക്കൊന്നും എനിക്ക് താല്പര്യമില്ല. ഈ ജീവിതം കൊണ്ട് എന്തെങ്കിലും നേടണമെന്ന് തോന്നിയിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകണമെന്ന് നേരത്തെ എടുത്ത തീരുമാനമാണ്. അവസാനശ്വാസം വരെ അത് തുടരും.

സമരം അവസാനിച്ചു, ഇനി എന്താണ്, എങ്ങോട്ടാണ് ?

സെക്രട്ടേറിയറ്റ് നടയിലെ സമരത്തിനുശേഷം കാലിനു നല്ല വേദനയുണ്ട്. ആശുപത്രിയിലേക്കും തിരിച്ചുമൊക്കെ വന്നപ്പോൾ കിട്ടിയതാണ്. ആരോഗ്യം ഒന്നു മെച്ചപ്പെട്ടിട്ട് ബറൂളിലേയ്ക്കുപോണം. ദീപാവലിക്ക് അവിടെയെത്തണം. അവിടെ കുറച്ചുപേർ കാത്തിരിക്കുന്നുണ്ട്.

കുറച്ചുദിവസം കഴിഞ്ഞ് കാസർകോട്ടെയ്ക്ക് തിരിച്ചുവരും. അവിടെ നിന്ന് ഫോണുകൾ വരുന്നു. നാട്ടുകാർ വരുന്നുണ്ട്. എൻഡോസൾഫാൻ ബാധിതനായ മകനെയും കൊണ്ട് ഒരമ്മ ജനറൽ ആശുപത്രിയിൽ കാണാൻ വന്നിരുന്നു. അവർക്ക് വേണ്ടിയാണ് ഇനി ജീവിതം.
സർക്കാറിൽ നിന്ന് കിട്ടിയ ഉറപ്പുകൾ, ചെയ്യേണ്ട കാര്യങ്ങൾ.വിശദമായ പദ്ധതികളുണ്ട്, നടപ്പിലാക്കാൻ. എന്തായാലും എൻഡോസൾഫാൻ ബാധിതർക്ക് നീതികിട്ടിയെന്ന് ഉറപ്പാകും വരെ ഇവിടെയുണ്ടാകും.

Post a Comment

Previous Post Next Post