ഫുട്‌ബോളിലൂടെ സാമൂഹിക വികസനം; ഗോൾ-22 ന് തുടക്കം, ഇന്ത്യയിലടക്കം 10 ലക്ഷം പേർക്കു നേട്ടം

(www.kl14onlinenews.com)
(31-Oct-2022)

ഫുട്‌ബോളിലൂടെ സാമൂഹിക വികസനം; ഗോൾ-22 ന് തുടക്കം, ഇന്ത്യയിലടക്കം 10 ലക്ഷം പേർക്കു നേട്ടം
ദോഹ :ഫുട്‌ബോളിലൂടെ സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള ജനറേഷൻ അമേസിങ്ങിന് ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിലായി 10 ലക്ഷം ഗുണഭോക്താക്കൾ. ഒരു വർഷം നീളുന്ന പുതിയ 'ഗോൾ- 22' പദ്ധതിക്കും തുടക്കമായി. ഫിഫ ലോകകപ്പ് ഖത്തറിന്റെ  ലെഗസി പദ്ധതികളിലൊന്നാണു ജനറേഷൻ അമേസിങ്ങ്.

2010 ൽ തുടക്കമിട്ട പദ്ധതിയുടെ പ്രയോജനം ഇതിനകം 10 ലക്ഷം പേർക്കാണു ലഭ്യമാക്കിയതെന്നതു ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ പ്രധാന നാഴികകല്ലുകളിലൊന്നാണ്. ജനറേഷൻ അമേസിങ് ഫെസ്റ്റിവലിലൂടെ ആഗോള തലത്തിലുള്ള യുവജനങ്ങൾക്ക് ഒരുമിച്ച് കൂടാനുള്ള അവസരവും ലഭിക്കുന്നുണ്ട്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണച്ചാണ് ജനറേഷൻ അമേസിങ്ങിന്റെ പ്രവർത്തനം.

ഫുട്‌ബോളിലൂടെ സാമൂഹിക വികസനം എന്ന ജനറേഷൻ അമേസിങ്ങിലൂടെ ലിംഗസമത്വം, അംഗീകരിക്കൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ആശയവിനിമയം, നേതൃപാടവം, ടീം വർക്ക്, സംഘാടനം തുടങ്ങി ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന കഴിവുകൾ സ്വായത്തമാക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്.

ഫുട്ബോൾ പിച്ചുകളുടെ നിർമാണം, കുട്ടികൾക്കും യുവജനങ്ങൾക്കും ഫുട്ബോൾ പരിശീലനം, യുവജന ശാക്തീകരണം എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ള ജനറേഷൻ അമേസിങ്ങിന്റെ പ്രവർത്തനം ഇതിനകം ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗോൾ-22 ന് തുടക്കം

ദോഹ ∙ ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ പുതിയ കായിക-സാംസ്‌കാരിക വിനിമയ പ്രോഗ്രാമായ ഗോൾ-22 വിന് തുടക്കമായി. ഗോൾ-22 : ഫുട്‌ബോൾ, സാമൂഹിക പ്രത്യാഘാതം, സുസ്ഥിരത' എന്ന തലക്കെട്ടിലുള്ള പുതിയ പ്രോഗ്രാമിലൂടെ ഫുട്‌ബോളിൽ തൽപരരായ യുവജനങ്ങളെ ശാക്തികരിക്കുകയാണു ലക്ഷ്യം.

ഫിഫ ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രോഗ്രാം ഖത്തർ ഫൗണ്ടേഷൻ, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ, കായിക-യുവജന മന്ത്രാലയം, ഫിഫ ഫൗണ്ടേഷൻ, ഖത്തർ ടൂറിസം, യുനസ്‌കോ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പിന്തുണയിലാണ് നടത്തുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വിശദമാക്കി.

ജനറേഷൻ അമേസിങ്ങിന്റെ ഡെലിവറി പങ്കാളികളുടെ പിന്തുണയോടെ ജീവിതത്തിൽ സ്വായത്തമാക്കേണ്ട സുപ്രധാന  കഴിവുകളെകുറിച്ചുള്ള ഫിസിക്കൽ, വെർച്വൽ ശിൽപശാലകളും പ്രോഗ്രാമിന്റെ കീഴിൽ നടക്കും. ആഗോളതലത്തിലുള്ള വിദ്യാർഥികൾക്ക് അവരുടെ കമ്യൂണിറ്റികളിലെ മികച്ച സാമൂഹിക, സുസ്ഥിര വികസന ചാംപ്യന്മാരാക്കി മാറാനുള്ള പിന്തുണയാണ് ഗോൾ- 22 വിലൂടെ നൽകുന്നത്.

വാർത്താസമ്മേളനത്തിൽ ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽ ഖോരി, ഖത്തർ ഫൗണ്ടേഷൻ വേൾഡ്കപ്പ് ലെഗസി ഡയറക്ടർ അലക്‌സാണ്ട്ര ഷാലറ്റ്, ഖത്തർ ടൂറിസം വിസിറ്റ് ഖത്തർ പിആർ ആൻഡ് കമ്യൂണിക്കേഷൻ പ്രതിനിധി മറിയം അൽ മസലമനി, എസ്ഡിഐ മാർക്കറ്റിങ് വൈസ്പ്രസിഡന്റ് ഗോർഡൻ റോഡ്ജർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

നടപ്പാക്കൽ 3 ഘട്ടങ്ങളിൽ

മൂന്ന് ഘട്ടങ്ങളിലൂടെയാണു ഗോൾ-22 പൂർത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിൽ വെർച്വൽ സെഷനുകളാണ്. ഗുണനിലവാരം, വൈവിധ്യത, അംഗീകരിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുള്ള സെഷനുകളാണിത്. രണ്ടാം ഘട്ടം എജ്യൂക്കേഷൻ സിറ്റിയിൽ നടക്കാൻ പോകുന്ന ജനറേഷൻ അമേസിങ് യൂത്ത് ഫെസ്റ്റിവലിലാണ് നടപ്പാക്കുക. മൂന്നാമത്തെയും അവസാനത്തേതുമായ ഘട്ടത്തിൽ വെർച്വൽ സെഷനുകളും വിദ്യാർഥികൾക്ക് അവരവരുടെ കമ്യൂണിറ്റികളിൽ നേരിട്ടുള്ള സാമൂഹിക വികസന അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടുള്ള പരിപാടികളുമാണ് നടപ്പാക്കുക.

Post a Comment

Previous Post Next Post