ടി-20 ലോകകപ്പ്: ബുമ്രയ്ക്ക് പകരം ഉമ്രാൻ മാലിക്കിനെ തിരഞ്ഞെടുത്ത് ഓസീസ് താരം

(www.kl14onlinenews.com)
(12-Oct-2022)

ടി-20 ലോകകപ്പ്: ബുമ്രയ്ക്ക് പകരം ഉമ്രാൻ മാലിക്കിനെ തിരഞ്ഞെടുത്ത് ഓസീസ് താരം
ദുബായ് :
ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ആശങ്കയിലാണ്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്രയും പരുക്കു കാരണം ടീമിന് പുറത്തായി. പകരക്കാരനായി തീരുമാനിച്ചിരുന്ന ദീപക് ചഹാറും പരുക്കു മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായി. ബുമ്രയ്ക്ക് പകരമാരെന്ന ചോദ്യത്തിന്ന് ഉത്തരം തേടുകയാണ് സെലക്ഷൻ കൗൺസിൽ. മുൻ നിര പേസറായ മുഹമ്മദ് ഷമിക്കൊപ്പം ഉമ്രാൻ മാലിക്കോ മുഹമ്മദ് സിറാജോ ടീമിലെത്തിയേക്കാം.

ഷമി തന്നെയായിരിക്കും ടീമിൽ ഇടം പിടിക്കുകയെന്നാണ് ലഭിച്ച വിവരങ്ങളിൽ നിന്ന് അറിയുന്നത്. എന്നിരുന്നാലും സിറാജിനെയും ഉമ്രാൻ മാലിക്കിനെയും നെറ്റ്സ് ബോളർമാരായാണ് ഓസ്‌ട്രേലിയയിലേക്ക് വിളിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുമുണ്ട്. എന്നാൽ 22-കാരനായ ഉമ്രാൻ മാലിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഓസീസ് താരമായ ബ്രെറ്റ് ലീയുടെ അഭിപ്രായം. “മണിക്കൂറിൽ 150 കി.മീ വേഗതയിൽ പന്തെറിയാൻ ശേഷിയുള്ളയാളാണ് ഉമ്രാൻ മാലിക്ക്. കൈവശമുള്ള ഏറ്റവും മികച്ച കാർ ഗാരേജിൽ സൂക്ഷിക്കുന്നതു കൊണ്ടെന്തുപയോഗം?” ഉമ്രാനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച് ബ്രെറ്റ് ലീ ഖലീജ് ടൈംസിനോട് പറഞ്ഞു.

വിസ കാരണങ്ങൾ കാരണം ഉംറാൻ മാലിക് ടീമിൽ എത്താൻ സാധ്യതകൾ കുറവാണ്. പേസിനെ പിന്തുണയ്ക്കുന്ന ഓസ്‌ട്രേലിയൻ പിച്ചിൽ മണിക്കൂറിൽ 150 കി.മീ വേഗതയിൽ പന്തെറിയുന്ന ബോളർ 140 കി.മീ വേഗതയിൽ പന്തെറിയുന്നയാളെക്കാൾ ഗുണം ചെയ്യുമെന്നാണ് ബ്രെറ്റ് ലീ അഭിപ്രായപ്പെടുന്നത്.

“ബുമ്രയുള്ള ഇന്ത്യൻ ടീം വളരെ കരുത്തുള്ള ടീമാണ്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല എന്നു ഞാൻ പറയില്ല. ഈ ടീം മികച്ചത് തന്നെയാണ്. പക്ഷേ, ബുമ്ര ഇല്ലാത്തത് ഭുവനേശ്വർ കുമാർ പോലുള്ള താരങ്ങൾക്കുമേൽ സമ്മർദം ഉണ്ടാക്കും ” ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. ബുമ്രയുടെ പരുക്ക് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഭുവനേശ്വറിനും അർശ്‌ദീപ് സിങ്ങിനു൦ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ കഴിവുള്ള ഒരു പേസ് ബോളറെ കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്.

Post a Comment

أحدث أقدم