ഖത്തറില്‍ ലോകകപ്പിൽ മെസി-റൊണാൾഡോ ഫൈനൽ ; പ്രവചനം നടത്തി സൂപ്പർ കമ്പ്യൂട്ടർ

(www.kl14onlinenews.com)
(31-Oct-2022)

ഖത്തറില്‍ ലോകകപ്പിൽ മെസി-റൊണാൾഡോ ഫൈനൽ ; പ്രവചനം നടത്തി സൂപ്പർ കമ്പ്യൂട്ടർ
ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ മെസി – റൊണാൾഡോ കിരീടപ്പോരാട്ടം പ്രവചനം. അർജന്‍റീനയും പോർച്ചുഗലും ഏറ്റുമുട്ടുമെന്ന് സൂപ്പർ കമ്പ്യൂട്ടറാണ് പ്രവചിച്ചിരിക്കുന്നത്.

ഖത്തർ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം. കിരീടപ്പോരാട്ടത്തിൽ ലിയോണല്‍ മെസിയുടെ അർജന്‍റീനയും റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും. പോർച്ചുഗലിനെ തോൽപിച്ച് മെസി ലോകകപ്പ് നേടുമെന്നും സൂപ്പർ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു. ഇ എ സ്പോർട്‌സ്, ഫിഫ ഗെയിം പ്ലേയർ സ്റ്റാറ്റിക്‌സും കഴിഞ്ഞ നാല് ലോകകപ്പുകളിലെ മത്സരങ്ങളും വിലയിരുത്തിയാണ് സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം.

മറ്റ് പ്രവചനങ്ങൾ ഇങ്ങനെ. ഇംഗ്ലണ്ട് ഇത്തവണയും സെമിയിൽ പുറത്താവും. പോർച്ചുഗൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപിക്കും. ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇറാൻ, വെയ്ൽസ്, അമേരിക്ക എന്നിവരെ തോൽപിക്കും. പ്രീക്വാർട്ടറിൽ സെനഗലിനെയും ക്വാർട്ടറിൽ മെക്സിക്കോയെയും തോൽപിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുക. അർജന്‍റീന പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിക്കുമെന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു. നവംബർ ഇരുപതിനാണ് ഫിഫ ലോകകപ്പിന് തുടക്കമാവുക. ഡിസംബർ പതിനെട്ടിനാണ് ഫൈനൽ.

നവംബര്‍ ഇരുപതിന് അല്‍ ബയത് സ്റ്റേഡിയത്തിലാണ് ഫിഫ ലോകകപ്പിന്‍റെ കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകളാണ് എന്നാണ് വിലയിരുത്തല്‍. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിന്‍റെ മണലാരണ്യത്ത് പച്ചപുതച്ച എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

വൈകിട്ട് 3.30 മുതൽ രാത്രി 12.30 വരെയുള്ള സമയങ്ങളിലാണ് കിക്കോഫ് എന്നതിനാൽ ടിവി പ്രേക്ഷകർക്കിടയിലും ഖത്തർ ലോകകപ്പ് റെക്കോർഡിട്ടേക്കും. അന്തിമ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിക്ക് ലോകകപ്പിന് മുമ്പ് വിവിധ ടീമുകള്‍ക്ക് തിരിച്ചടിയാണ്.

Post a Comment

Previous Post Next Post