അനാർക്കിസവും അനിയന്ത്രിത വ്യക്തിസ്വാതന്ത്ര്യവും ലഹരിക്ക് കാരണമാകുന്നു: എസ്എസ്എഫ്

(www.kl14onlinenews.com)
(25-Oct-2022)

അനാർക്കിസവും അനിയന്ത്രിത വ്യക്തിസ്വാതന്ത്ര്യവും ലഹരിക്ക് കാരണമാകുന്നു: എസ്എസ്എഫ്
തൃശൂർ: അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും അനാർക്കിസത്തിലേക്കും ഒരു തലമുറയെ വഴിനടത്തി നിങ്ങൾക്കെന്തുമാകാം എന്ന് ബോധ്യപ്പെടുത്തിയതിനു ശേഷം അവരോട് ലഹരി ഉപയോഗിക്കെരുതെന്ന് പറഞ്ഞാൽ അതിന് ഫലപ്രാപ്തിയുണ്ടാകില്ലെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹം ലഹരിയെ ഏറ്റവും വലിയ വിപത്തായി കാണുമ്പോഴും അതിന്റെ വ്യാപനത്തിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ലഹരിക്കെതിരെ ഉപരിപ്ലവമായ കാമ്പയിനുകൾ കൊണ്ട് കാര്യമില്ല. ദീപം തെളിച്ചു വെച്ചതു കൊണ്ട് ലഹരി ഉദ്പാദകരോ ഉപയോഗിക്കുന്നവരോ അവ ഉപേക്ഷിക്കുമെന്ന് കരുതാനാവില്ല. സമൂഹത്തെ വഴി നടത്തുന്ന സാമൂഹിക സ്ഥാപനങ്ങളെ ഭീഷണിയായി അവതരിപ്പിക്കുകയും അവയെ തച്ചുതകർക്കുകയും ലിബറൽ അജണ്ടകൾ സ്ഥാപിച്ച് അരാജകത്വത്തിന് അവസരമൊരുക്കുകയും ചെയ്തതിനു ശേഷം ലഹരി പോലുള്ള വിപത്തുകളെ കുറിച്ച് ആകുലപ്പെട്ടിട്ട് കാര്യമില്ല, ധാർമിക സദാചാര ബോധത്തിലേക്ക് പുതു തലമുറയെ നയിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡണ്ട് താഴപ്ര മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സീറത്തുന്നബിയുടെ ഭാഗമായി നടന്ന കാവ്യസഭയിൽ കവികളായ മാധവൻ പുറച്ചേരി, കെ ആർ ടോണി സംബന്ധിച്ചു. ഞാനറിഞ്ഞ റസൂൽ എന്ന വിഷയത്തിൽ എഴുത്തുകാരൻ സി കെ സതീഷ് കുമാർ സംസാരിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, പി ജാബിർ, സി ആർ കെ മുഹമ്മദ്, ജാബിർ സഖാഫി പാലക്കാട്, ഫിർദൗസ് സഖാഫി കടവത്തൂര്‍, കെ. ബി ബഷീർ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശിഹാബ് സഖാഫി താന്ന്യം സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന നേതാക്കളായ ഡോ പി എ മുഹമ്മദ് കുഞ്ഞു സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.

ഫോട്ടോ അടികുറിപ്പ്: എസ് എസ് എഫ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സില്‍ സംസ്ഥാന ജന:സെക്രട്ടറി സി.എന്‍ ജഅഫര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

Post a Comment

أحدث أقدم