(www.kl14onlinenews.com)
(11-Oct-2022)
കോഴിക്കോട്: ഗ്രൂപ്പ് വഴക്കും നേതാക്കളുടെ കണ്ണുകടിയും രൂക്ഷമായ സംസ്ഥാന ബി.ജെ.പിയിൽ പുതിയ പോരിലേക്ക് വഴി തുറന്ന് സന്ദീപ് വാര്യർക്കെതിരായ നടപടി. സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ആർ.എസ്.എസിൽ സജീവമായ യുവ പ്രവർത്തകർ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെയാണ് പ്രതിഷേധമുയർത്തുന്നത്.
സന്ദീപിനെ നീക്കിയതിൽ ആർ.എസ്.എസ് നേതൃത്വവും അതൃപ്തരാണ്. മുതിർന്ന നേതാക്കളെ സംഘ പ്രവർത്തകർ ഫോൺ വിളിച്ചും മറ്റും പ്രതിഷേധമറിയിക്കുന്നുമുണ്ട്. നിരവധി യുവമോർച്ച പ്രവർത്തകർ ഫേസ്ബുക്കിലും പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സുരേന്ദ്രനെതിരെ ഒളിയമ്പുകളെയ്യുകയാണ്. പെട്രോൾ പമ്പിന്റെ പേരിൽപണം പിരിച്ചതിനാണ് നടപടിയെന്ന് ചില മാധ്യമങ്ങളിൽ തിങ്കളാഴ്ച രാവിലെ വാർത്ത നൽകിയത് സുരേന്ദ്രപക്ഷം ആണെന്നാണ് ആരോപണം. സുരേന്ദ്രന്റെ നാട്ടിലെ പാർട്ടിയുടെ സജീവ പ്രവർത്തകരടക്കം പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങി.
മാസങ്ങളായി സന്ദീപ് വാര്യർക്കെതിരെ പാർട്ടിയിൽ നീക്കങ്ങളുണ്ടായിരുന്നു. സംസ്ഥാന വക്താവായിട്ടും ടെലിവിഷൻ ചർച്ചകളിൽ നിന്ന് ഒഴിവാക്കി. പാർട്ടി പരിപാടികളിലും കാര്യമായി പങ്കെടുപ്പിച്ചില്ല. ഷൊർണൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ തന്നെ മുൻകൈയെടുത്ത് ചില സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 42 പെൺകുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്ത ചടങ്ങിൽ പാലക്കാട് ജില്ല പ്രസിഡന്‍റിനെ ക്ഷണിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. കെ. സുരേന്ദ്രന്റെ മകന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകിയെന്ന വാർത്ത സ്വകാര്യ ചാനലിന് നൽകിയത് സന്ദീപ് വാര്യർ ആണെന്നാണ് സുരേന്ദ്രപക്ഷത്തിന്റെ ആരോപണം.
അതേസമയം, സന്ദീപിനെതിരെ പരാതി നൽകിയ കോഴിക്കോട് ജില്ല പ്രസിഡന്‍റടക്കമുള്ളവർ സുരേന്ദ്ര പക്ഷത്തുള്ളവരല്ല. സംസ്ഥാന നേതൃത്വം പരാതി എഴുതി വാങ്ങിയെന്നും സൂചനയുണ്ട്. ഏക്കറ് കണക്കിന് ഭൂമിയും മാതാപിതാക്കൾ ജോലിയിൽ നിന്ന് സമ്പാദിച്ച പണവും ഷോപ്പിങ്ങ് കോംപ്ലക്സിൽ നിന്നുള്ള വരുമാനവുമുള്ള സന്ദീപ് വാര്യർക്ക് പണപ്പിരിവ് നടത്തേണ്ട കാര്യമില്ലെന്നാണ് അണികളുടെ ന്യായീകരണം. സംസ്ഥാന ബി.ജെ.പിയുടെ തലപ്പത്തുള്ള നേതാക്കളുടെ മുമ്പുള്ള അവസ്ഥയും നിലവിലെ ആർഭാട ജീവിതവും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ അംഗമായി സംസ്ഥാന പ്രസിഡന്‍റിന്റെ ചേട്ടന്റെ മകനെ നിയമിച്ചതും ചർച്ചയാകുന്നുണ്ട്.
കെ. സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും ഇഷ്ടമില്ലാത്ത ശോഭ സുരേന്ദ്രൻ, പി.ആർ. ശിവശങ്കർ, എം.ടി. രമേശ്, കെ.പി. ശ്രീശൻ തുടങ്ങിയവരെ ഒതുക്കിയതിന്റെ ബാക്കിയാണ് സന്ദീപിനെതിരായ നടപടിയെന്നാണ് വിമർശനം. സുരേന്ദ്രന്റെ എതിർ ഗ്രൂപ്പിലുള്ള വി.കെ. സജീവൻ പ്രസിഡന്‍റായ കോഴിക്കോട്ടെ ചില പരിപാടികളിൽ ഉദ്ഘാടകനാകാൻ മാത്രമാണ് എം.ടി. രമേശിന്റെ വിധി. ശോഭ സുരേന്ദ്രൻ 'അനൗദ്യോഗിക' പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിയിൽ ഗ്രൂപ് വഴക്ക് രൂക്ഷമാകുമെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്
Post a Comment