രക്തത്തിന് പകരം കയറ്റിയത് ജ്യൂസ്; രോഗി മരിച്ചു, ആശുപത്രി അടപ്പിച്ചു

(www.kl14onlinenews.com)
(21-Oct-2022)

രക്തത്തിന് പകരം കയറ്റിയത് ജ്യൂസ്; രോഗി മരിച്ചു, ആശുപത്രി അടപ്പിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രി അടപ്പിച്ചു. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനായിരുന്നു രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ 'പ്ലാസ്മ' എന്ന് രേഖപ്പെടുത്തിയ രക്തബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ആശുപത്രിയില്‍ നിന്ന് നല്‍കിയ രക്തബാഗിലെ ഒരെണ്ണം ഉപയോഗിച്ചതിന് പിന്നാലെ രോഗിയുടെ നില വഷളാകുകയായിരുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ വെച്ച് രോഗിയുടെ ശരീരത്തില്‍ കയറ്റിയത് രക്തമല്ലെന്നും രാസഘടകങ്ങള്‍ അടങ്ങിയ ജ്യൂസ് പോലുള്ള എന്തോ വസ്തുവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തില്‍ അന്വേഷം ആരംഭിച്ചതായും രക്തബാഗുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ബ്രജേഷ് പതക് പറഞ്ഞു. ഗുരുതര ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രോഗിയുടെ ബന്ധുക്കള്‍ തന്നെയാണ് പ്ലേറ്റ്‌ലെറ്റ് ബാഗുകള്‍ സംഘടിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റ് ലെവല്‍ അപകടകരമായ രീതിയില്‍ താഴ്ന്നിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കളോട് രക്തം സംഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ആശുപത്രിയുടെ ഉടമസ്ഥന്‍ വാദിക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ ഇത് സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. മൂന്ന് യൂണിറ്റ് നല്‍കി കഴിഞ്ഞപ്പോള്‍ രോഗിക്ക് അസ്വസ്ഥതയുണ്ടായി. ഉടന്‍തന്നെ ഇത് നിര്‍ത്തിവെച്ചുവെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രസ്താവനയിലുണ്ട്

Post a Comment

أحدث أقدم