കൊച്ചിയിലെ ലുലുമാൾ നിർമ്മിക്കാനുള്ള പ്രചോദനം കോടിയേരി: വെളിപ്പെടുത്തലുമായി യൂസഫലി

(www.kl14onlinenews.com)
(03-Oct-2022)

കൊച്ചിയിലെ ലുലുമാൾ നിർമ്മിക്കാനുള്ള പ്രചോദനം കോടിയേരി: വെളിപ്പെടുത്തലുമായി യൂസഫലി
കണ്ണൂർ :
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലുകയാണ് രാഷ്ട്രീയ കേരളം. വൈകിട്ട് മൂന്ന് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. ഇന്നു രാവിലെ മുതൽ കോടിയേരി ബാലകൃഷ്ണൻ്റെ ഭൗതിക ദേഹം കാണാനായി ജനങ്ങൾ ഒഴുകിയെത്തുകയാണ്.

പ്രവാസി വ്യവസായി യൂസഫലിയും കോടിയേരിയെ അവസാനമായി കാണാൻ എത്തിയിരുന്നു. കൊച്ചിയിലെ ലുലു മാൾ സാക്ഷാത്കരിക്കാനുള്ള പ്രചോദനം കോടിയേരി ബാലകൃഷ്ണനായിരുന്നു എന്ന വെളിപ്പെടുത്തിലും യൂസഫലി നടത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായിട്ടാണ് യൂസഫലി അതു പറഞ്ഞത്. 15 വർഷം മുൻപ് ഒരിക്കൽ കോടിയേരി ഗൾഫിൽ എത്തിയിരുന്നെന്നും അവിടെ ലുലു മാൾ സന്ദർശിക്കുന്ന വേളയിൽ നമ്മുടെ കേരളത്തിലും ഇതുപോലെ ഒരെണ്ണം വേണമെന്ന് അദ്ദേഹം പറഞ്ഞുവെന്നും യുസഫലി വ്യക്തമാക്കി. `ബാലേട്ടൻ´ എന്നു താൻ വിളിക്കുന്ന ആ മനുഷ്യൻ്റെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് താൻ കൊച്ചിയിൽ ലുലു മാൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോടിേരി ബാലകൃഷ്ണൻ്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം തലശ്ശേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഈങ്ങയില്‍ പീടികയിലെ വീട്ടിലെത്തിച്ചിരുന്നു. രാവിലെ 11 വരെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇവിടെത്തി അന്തിമോപചാരം അര്‍പ്പിക്കാം. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വൈകിട്ട് മൂന്ന് മണി വരെ പൊതുദര്‍ശനമുണ്ടാകും. ഇന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി കണ്ണൂര്‍,തലശ്ശേരി, മാഹി, ധര്‍മ്മടം എന്നിവിടങ്ങളില്‍ ഹര്‍ത്താലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. വന്‍ ജനപ്രവാഹമാണ് കോടിയേരിയെ ഒരു നോക്ക് കാണാന്‍ തലശ്ശേരി ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്. വിലാപയാത്ര കടന്നു പോയ വഴികളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളം മുതല്‍ പാതയോരങ്ങളില്‍ അണിനിരന്ന ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെയാണ് പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേിരിയിലെത്തിച്ചത്. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്.

കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിര കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെക്കുന്ന തലശ്ശേരി ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എത്തിയിരുന്നു.

ശനിയാഴ്ചയാണ് അസുഖബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ചിരിക്കുന്ന വിപ്ലവകാരിഎന്ന് വിമര്‍ശകര്‍ പോലും പറഞ്ഞിരുന്ന, സമന്വയത്തിന്റെ വിപ്ലവ നക്ഷത്രമാണ് കേരളീയര്‍ക്ക് നഷ്ടമായത്. വിഎസ് മന്ത്രിസഭയിലെ രണ്ടാമനായും ആഭ്യന്തരം വിജിലന്‍സ് ടൂറിസം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണൻ്റേത്.

Post a Comment

أحدث أقدم