ഹിജാബ് കേസിൽ ഭിന്നവിധി; കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

(www.kl14onlinenews.com)
(13-Oct-2022)

ഹിജാബ് കേസിൽ ഭിന്നവിധി; കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ഡൽഹി: ഹിജാബിനെ ചൊല്ലി സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാർക്കിടയിലുണ്ടായ ഭിന്നതയെ തുടർന്ന് രണ്ട് വിപരീത വിധികൾ പുറപ്പെടുവിച്ച് കേസ് വിപുല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈകോടതി വിധി റദ്ദാക്കിയപ്പോൾ, പ്രതീക്ഷിച്ചത് പോലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ​ഹൈകോടതി വിധി ശരിവെച്ചു. തുടർന്ന് അഭിപ്രായ വൈവിധ്യങ്ങളുടെ വെളിച്ചത്തിൽ ഉചിതമായ നടപടിക്ക് വിഷയം ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് മുമ്പാകെ വെക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു.

കേസ് വാദം കേട്ട നാൾ തൊട്ട് ഹിജാബ് വിഷയത്തിൽ പ്രകടമായ അഭിപ്രായ ഭിന്നതയാണ് അവസാനം വിധിയിലും പ്രതിഫലിച്ചത്.

ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. ആകെ കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യം. ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ലെന്ന് ജസ്റ്റിസ് ധുലിയ തന്റെ വിധിപ്രസ്താവനയിൽ വ്യക്തമാക്കി. കർണാടക ഹൈകോടതിയുടെ ഈ വഴി തെറ്റാണ്. യഥാർഥത്തിൽ ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത്. ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ഇതിനുത്തരം നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എന്നാൽ ആദ്യനാൾ മുതൽ സംഘ് പരിവാർ നിലപാടിനെ ശക്തമായി പിന്തുണച്ച് ഇടപെട്ട ജസ്റ്റിസ് ഹേമന്ത് ഗുപ്ത 11 ചോദ്യങ്ങളുണ്ടാക്കി അവയുടെ എല്ലാം ഉത്തരങ്ങൾ ഹിജാബിന് അനുകൂലമായ വാദങ്ങൾക്ക് എതിരാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു. ഹിജാബ് ഇസ്‍ലാമിലെ മൗലികാനുഷ്ഠാനങ്ങളിൽ​പ്പെടുമോ എന്ന കർണാടക ഹൈകോടതിയുടെ ചോദ്യം ആവർത്തിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സർക്കാർ ഉത്തരവ് ഭരണഘടനയുടെ 14, 19, 25 അനുഛേദങ്ങൾ ലംഘിക്കുന്നുണ്ടോ, സ്വകാര്യതക്കുള്ള അവകാശത്തിനെതിരാണോ തുടങ്ങിയ ചോദ്യങ്ങളുമുന്നയിച്ച് ഹിജാബ് വിലക്ക് ശരിവെക്കുകയായിരുന്നു.

ബെഞ്ചിലെ രണ്ട് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പറഞ്ഞതോടെ ഹരജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് വിടുന്നതായി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 15നാണ് ഹിജാബ് വിലക്കിനെതിരായ ഹരജികൾ കർണാടക ഹൈകോടതി തള്ളിയത്. തുടർന്നാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഇസ്‍ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നുമായിരുന്നു കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചിന്‍റെ വിധി.

ഹിജാബ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർകർ കോളജിലെയും വിദ്യാർഥിനികൾ നൽകിയ ഹരജികളാണ് അന്ന് ഹൈകോടതി തള്ളിയത്.

Post a Comment

أحدث أقدم