'പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു'; സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി മുസ്ലീം ലീഗ്

(www.kl14onlinenews.com)
(15-Oct-2022)

'പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു'; സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി മുസ്ലീം ലീഗ്

കാസര്‍കോട്: മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി സ്വന്തം പാര്‍ട്ടിക്കാര്‍. കാസര്‍കോട് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി.
കുബണൂര്‍ മാലിന്യ പ്ലാന്റില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ മംഗളൂരുവിലെ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഇടപാടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. മാലിന്യം നീക്കാതെ പണം കൈമാറരുതെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് പ്രസിഡന്റ് ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് മുസ്ലീം ലീഗ് നേതാക്കളുടെ വിമര്‍ശനം. റിസാനയെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായം ഉന്നയിച്ചതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ തീരുമാനിച്ചത്.
ആകെ 23 അംഗങ്ങളാണ് പഞ്ചായത്ത് ഭരണ സമിതിയിലുള്ളത്. യുഡിഎഫിന് 16 സീറ്റുകളാണുള്ളത്. ഇതില്‍ 14 ഉം മുസ്ലീം ലീഗിന്റേത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റിന് എതിരാണ്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടു വരുന്നതില്‍ ലീഗ് ജില്ലാ കമ്മിറ്റിക്ക് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ജില്ല കമ്മിറ്റിയുടെ നിലപാട്.

Post a Comment

Previous Post Next Post