ദുരന്തത്തിലേക്ക് നയിച്ചത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ബസ് എത്തിയത് വേളാങ്കണ്ണി ട്രിപ്പിന് ശേഷം

(www.kl14onlinenews.com)
(06-Oct-2022)

ദുരന്തത്തിലേക്ക് നയിച്ചത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ബസ് എത്തിയത് വേളാങ്കണ്ണി ട്രിപ്പിന് ശേഷം
പാലക്കാട് : വടക്കാഞ്ചേരിയിലെ ദാരുണ അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിൻറെ അമിത വേഗമെന്ന് ദൃക്സാക്ഷികൾ. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൻറെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിൻറെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി

ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 5 വിദ്യാ‍‍ർഥികളും ഒരു അധ്യാപകനും കെ എസ് ആർ ടി സി ബസിലെ മൂന്ന് യാത്രക്കാരും ആണ് മരിച്ചത് . കെഎസ്ആർടിസി ബസിൻറെ പുറകിൽ യാത്ര ചെയ്യുകയായിരുന്നവരിൽ ചിലർക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ഇതില്‍ 26 പേര്‍ ആണ്‍കുട്ടികളും 16 പേര്‍ പെണ്‍കുട്ടികളുമാണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഇവര്‍ വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم