'പെണ്‍കരുത്തിന്റെ ചരിത്രം'; ദയാബായിക്ക് ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം

(www.kl14onlinenews.com)
(26-Oct-2022)

'പെണ്‍കരുത്തിന്റെ ചരിത്രം'; ദയാബായിക്ക് ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം
മലപ്പുറം: പ്രഥമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌ക്കാരം ദയാബായിക്ക്. ട്രസ്റ്റ് ചെയര്‍മാന്‍ മുഈന്‍ അലി തങ്ങളാണ് പുരസ്‌കാരം നല്‍കിയത്. കഴിഞ്ഞാഴ്ച്ചയാണ് മുസ്ലീം ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത കെ എസ് ഹംസയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്.

ഫൗണ്ടേഷന്റെ ആദ്യ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നല്‍കുമെന്ന് മുഈന്‍ അലി തങ്ങള്‍ അറിയിച്ചിരുന്നു. ദയാബായിയെ ആദരിക്കുവാനും അവര്‍ നടത്തി വരുന്ന സാമൂഹിക പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കുവാനും സാധിച്ചത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് പുരസ്‌കാരം നല്‍കിയ ശേഷം മുഈന്‍ അലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പെണ്‍കരുത്തിന്റെ ചരിത്രമാണ് 'മേഴ്‌സി' മാത്യു എന്ന 'ദയാ' ബായി ലോകത്തിന് സമര്‍പ്പിക്കുന്നത്. കനല്‍വഴികളില്‍ ദയ തേടി അലഞ്ഞവര്‍ക്ക് താങ്ങും തണലുമായി മാറിയ തുല്യതയില്ലാത്ത ജീവിതം.

കോട്ടയം ജില്ലയിലെ പാലയില്‍ ജനിച്ച അവര്‍ കൗമാര കാലഘട്ടത്തില്‍ തന്നെ ക്രിസ്തുദാസിയായി. സാമൂഹ്യ സേവനമാണ് തന്റെ ജീവിത ലക്ഷ്യം എന്ന തിരിച്ചറിവ് മുംബൈ നിര്‍മ്മലാനികേദനിലേക്ക് അവരെ വഴി നടത്തി. സോഷ്യല്‍ വര്‍ക്കില്‍ ബിരുധാനന്തര ബിരുധം കരസ്ഥമാക്കി. സമൂഹത്തില്‍ എന്നും ആശ്രിതരായി കഴിഞ്ഞിരുന്ന മുഖ്യധാരയിലേക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്ന മധ്യപ്രദേശിലെ ചിന്ദര ജില്ലയിലെ ആദിവാസികളുടെ ഉന്നമനത്തിനായ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നര്‍മ്മദാ ബച്ചാവോ ആന്തോളന്‍, ചെങ്ങറ സമരം എന്നിവയിലൂടെ ദയാ ബായി സുപരിചിതയായി മാറി.

ദയാ ബായി പലപ്പോഴും നേരിട്ടത് ദയയില്ലാത്ത ലോകത്തെയാണ്. ലൈംഗികാതിക്രമത്തിന് പോലും ഇരയാകേണ്ടിവന്നത് ജീവിതത്തില്‍ കരിനിഴലായി അവശേഷിപ്പിക്കാന്‍ തയ്യാറാകാതെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായി പോരാട്ടം തുടര്‍ന്നു. ശാരീരിക പീഡനങ്ങള്‍ അവരിലെ പോരാളിയെ കൂടുതല്‍ ഊര്‍ജ്ജസ്വലയാക്കി. അദ്ധ്യാപികയായിരുന്ന അവര്‍ക്ക് പാട്ടും കവിതകളും തെരുവ് നാടകങ്ങളുമൊക്കെ ആശയ പ്രചാരണത്തിനുള്ള ആയുധങ്ങളായിരുന്നു.

ദയാ ബായി ഇന്നും പോരാട്ടത്തിലാണ്. നീതി അന്യമായ കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസമാണ് നിലവിലെ അവരുടെ സ്വപ്നം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ തന്നാലാകും വിധം സാമൂഹ്യ സേവന സംഘടനകളുമായി സഹകരിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കാന്‍ പ്രായം തളര്‍ത്താത്ത സമര വീര്യവുമായി ദയാബായി മുന്നില്‍ തന്നെയുണ്ട്.'

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ദയാ ബായിയെ ആദരിക്കുവാനും അവര്‍ നടത്തി വരുന്ന സാമൂഹിക പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കുവാനും സാധിച്ചത് ഏറെ അഭിമാനം നല്‍കുന്നു. പ്രഥമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌ക്കാരമാണ് ഇന്ന് അവര്‍ക്ക് സമ്മാനിച്ചത്.

മലയാള സാഹിത്യത്തില്‍ തന്റേതായ എഴുത്തിന്റെ വഴികളിലൂടെ അനുവാചകരുടെ ഹൃദയം കവര്‍ന്ന അനുഗ്രഹീത എഴുത്ത്കാരന്‍ ശ്രീ. പെരുമ്പടവം ശ്രീധരന്റെ സാന്നിദ്ധ്യം അവാര്‍ഡ് ദാന ചടങ്ങിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു എന്നതില്‍ സംശയമില്ല. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. ഹംസ അദ്ധ്യക്ഷനായിരുന്നു.

Post a Comment

أحدث أقدم