ഇന്ന് ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാജ്യം, പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിലെത്തി

(www.kl14onlinenews.com)
(02-Oct-2022)

ഇന്ന് ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാജ്യം, പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിലെത്തി
ഡൽഹി :153-ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു.

ഇന്ത്യ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിനാല്‍ ഇത്തവണത്തെ ഗാന്ധി ജയന്തി കൂടുതല്‍ സവിശേഷമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി എല്ലാവരും ഖാദി, കരകൗശല ഉത്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതിനിടെ, മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാനും സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം എല്ലാവര്‍ക്കും ജീവിത മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള അവസരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും തുടക്കക്കാരനെ നമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ലോകമെമ്പാടും ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഗാന്ധി ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തു

Post a Comment

أحدث أقدم