നരബലി; മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

(www.kl14onlinenews.com)
(12-Oct-2022)

നരബലി; മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയില്‍ ഹാജരാക്കുക. മൃതദേഹം ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു.

ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.

ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Post a Comment

Previous Post Next Post