ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം 23-ന് പാക്കിസ്ഥാനുമായി

(www.kl14onlinenews.com)
(16-Oct-2022)

ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം 23-ന് പാക്കിസ്ഥാനുമായി
മെല്‍ബണ്‍: 2022 ട്വന്റി 20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയില്‍ തുടക്കമാകും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക നമീബിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകള്‍ സൂപ്പര്‍ 12-ലേക്ക് കടക്കും.

ഗ്രൂപ്പ് എയില്‍ നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ എന്നീ ടീമുകളാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ് ടീമുകള്‍ ബി ഗ്രൂപ്പിലും. ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് അടുത്ത റൗണ്ടിലേക്ക് എത്തുക. ഇന്ത്യ ഉള്‍പ്പടെ എട്ട് ടീമുകള്‍ ഇതിനോടകം തന്നെ സൂപ്പര്‍ 12 ല്‍ ഇടം നേടിയിട്ടുണ്ട്.

സൂപ്പര്‍ 12 റൗണ്ടും രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ്. നിലനില്‍ ഗ്രൂപ്പ് ഒന്നില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാണ്. രണ്ടാമത്തെ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്. ഓക്ടോബര്‍ 22-നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും.

ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനുമായാണ്. രണ്ടാം ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇക്കുറി ഇന്ത്യ ഇറങ്ങുന്നത്. സുപ്രധാന താരങ്ങളായ ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ജസ്പ്രിത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post