(www.kl14onlinenews.com)
(02-Oct-2022)
ഇന്തോനേഷ്യ: ലോകത്തെ ഞെട്ടിച്ച് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഫുടബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ കലാപത്തിലാണ് കൂട്ടമരണം. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. 180 തിലധികം ആളുകൾക്ക് പരിക്കേറ്റു. ഇതിൽ 100 ലധികം ആളുകളുടെ നില ഗുരുതരമാണ്.
കലാപകാരികളായവർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് ആളുകൾ ദിക്കില്ലാതെ ഓടുകയായിരുന്നു. ഇത് തിക്കും തിരക്കും ഉണ്ടാകാൻ കരണമായി. കിഴക്കൻ ജാവയിൽ അരേമ എഫ്‌സി കടുത്ത എതിരാളികളായ പെർസെബയ സുരബായയോട് തോറ്റതിനെ തുടർന്നുണ്ടായ ‘നിരാശ’യാണ് കാണികളെ മൈതാനത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് വീഴുകയും മറ്റുള്ളവർ ഇവരെ ചവുട്ടി ഓടുകയും ചെയ്തു. ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഗ്രൗണ്ട് കൈയേറാൻ ശ്രമിക്കുന്നതും പിന്നീട് നടന്ന സംഭവങ്ങളും വ്യക്തമാണ്.
കാണികളുടെ എണ്ണം സ്റ്റേഡിയത്തിന്റെ ശേഷിയേക്കാൾ ഇരട്ടിയായിരുന്നുവെന്ന് രാജ്യത്തിന്റെ മുഖ്യ സുരക്ഷാ മന്ത്രി പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇന്തോനേഷ്യയിലെ ടോപ്പ് ലീഗിലെ എല്ലാ മത്സരങ്ങളും നിർത്തിവയ്ക്കണമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ ഉത്തരവിട്ടു. സംഭവം ഇന്തോനേഷ്യൻ ഫുട്ബോളിനെ കളങ്കപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷൻ ചെയർമാൻ പറഞ്ഞു. സംഭവത്തിൽ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post a Comment