സുപ്രീംകോടതിയോട് നന്ദിയുണ്ട്; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്

(www.kl14onlinenews.com)
(09-Sep -2022)

സുപ്രീംകോടതിയോട് നന്ദിയുണ്ട്; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്
ഡൽഹി: യു.പി സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാര്യ റൈഹാനത്ത്.

രണ്ടു വർഷം ജയിലിൽ കിടന്നത് നിസ്സാരകാര്യമല്ല. കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ അവർക്ക് കാര്യങ്ങൾ വ്യക്തമായെന്നും ജാമ്യം അനുവദിച്ചതിൽ നന്ദിയുണ്ടെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പൻ രണ്ടു വർഷത്തോളമായി യു.പിയിലെ ജയിലിലാണ്.

അലഹബാദ് ഹൈകോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്.

2020 ഒക്ടോബർ മുതൽ യു.പിയിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിനെതിരെ യു.എ.പി.എക്കൊപ്പം ഇ.ഡി കേസും ചുമത്തിയിരുന്നു. ഇ.ഡി കേസിൽ കൂടി ജാമ്യം നേടിയാൽ കാപ്പന് ജയിൽ മോചിതനാകാനാകും. സിദ്ദീഖ് കാപ്പനെതിരെ വിശ്വാസയോഗ്യമായ തെളിവില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ പ്രതികരിച്ചു.

പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങളിൽ പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് തോന്നിയാൽ മാത്രമോ കോടതിക്ക് ജാമ്യം അനുവദിക്കാവുവെന്നാണ് യു.എ.പി.എ നിയമം പറയുന്നത്. ഗൂഢാലോചനയൽ എങ്ങനെയാണ് സിദ്ദീഖ് കാപ്പന് പങ്കുള്ളതെന്ന് കോടതി ചോദിച്ചെങ്കിൽ പ്രോസിക്യൂഷന് വ്യക്തമായ മറുപടിയില്ലായിരുന്നു. പൗരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും കോടതി ഓർമപ്പെടുത്തി.

Post a Comment

أحدث أقدم