(www.kl14onlinenews.com)
(24-Sep -2022)
കൊച്ചി: അറസ്റ്റിലായ പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) നേതാക്കളെ ഏഴു ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 30ന് രാവിലെ 11ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികൾ
പ്രമുഖനേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും എൻ.ഐ.എ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്.
കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ എൻ.ഐ.എ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്. പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയിരുന്നു.
إرسال تعليق