സർക്കാർ സഹായം തേടി കെഎസ്ആർടിസി; സെപ്തംബറിലെ ശമ്പളം നൽകാൻ 50 കോടി വേണം

(www.kl14onlinenews.com)
(30-Sep -2022)

സർക്കാർ സഹായം തേടി കെഎസ്ആർടിസി; സെപ്തംബറിലെ ശമ്പളം നൽകാൻ 50 കോടി വേണം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നാളെ മുതൽ നടപ്പിലാക്കി തുടങ്ങും. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ  അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇന്നലെ മാനേജ്മെന്റ് വിളിച്ച യോഗത്തിൽ സിഐടിയു, ബിഎംഎസ് യൂണിയനുകൾ സർക്കാർ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനത്തെ തുടക്കം മുതൽ എതിർക്കുന്ന ടിഡിഎഫ്,  നാളെ മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post