ഒറ്റ ദിവസത്തെ പരിശോധനയില്‍ എം.വി.ഡി. പിടിച്ചത് 46 കള്ളടാക്‌സികള്‍

(www.kl14onlinenews.com)
(06-Sep -2022)

ഒറ്റ ദിവസത്തെ പരിശോധനയില്‍ എം.വി.ഡി. പിടിച്ചത് 46 കള്ളടാക്‌സികള്‍
മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 46 കള്ളടാക്‌സികള്‍ പിടികൂടി. ഞായറാഴ്ച ഒറ്റദിവസമാണ് ഇത്രയും ടാക്‌സികള്‍ പിടികൂടിയത്. 2.19 ലക്ഷം രൂപ പിഴയും ഈടാക്കി. തമിഴ്നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് കേരളത്തിലെ തോട്ടങ്ങളിലേക്ക് വരുന്ന വാഹനങ്ങളായിരുന്നു ഇവയെല്ലാം.

സ്വകാര്യ വാഹനങ്ങളിലും, കൃത്യമായ രേഖകളില്ലാത്ത ടാക്സി വാഹനങ്ങളിലും തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. മേഖലയിലെ നിയമാനുസൃതം സര്‍വീസ് നടത്തുന്ന ടാക്സി ഡ്രൈവര്‍മാരും പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എ.നസീറിന്റെ നിര്‍ദേശാനുസരണമാണ് കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ പരിശോധന നടത്തിയത്.

രാവിലെ 5.50 മുതല്‍ ആരംഭിച്ച പരിശോധനയില്‍ തൊഴിലാളികളെ കുത്തിനിറച്ചെത്തിയ 46 കള്ളടാക്സികള്‍ പിടികൂടി. അമിത വേഗതയിലെത്തിയ വാഹനങ്ങള്‍ക്കും പരിശോധനയില്‍ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങളും, രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ അഞ്ച് വാഹനങ്ങളും, നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളും, ലൈസന്‍സില്ലാതെ വാഹനമോടിച്ചെത്തിയ രണ്ട് ഡ്രൈവര്‍മാരെയും പിടികൂടി.

Post a Comment

أحدث أقدم