ഖത്തര്‍ ഒപ്പമുണ്ട്; സ്‌കൂൾ ബസിൽ മരിച്ച മിന്‍സയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

(www.kl14onlinenews.com)
(13-Sep -2022)

ഖത്തര്‍ ഒപ്പമുണ്ട്; സ്‌കൂൾ ബസിൽ മരിച്ച മിന്‍സയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
ദോഹ : സ്കൂൾ ബസിനുള്ളിൽ മരിച്ച കുഞ്ഞു മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി അല്‍ വക്രയിലെ വീട്ടില്‍ എത്തി.

ഇന്നലെ വൈകിട്ടോടെ മിന്‍സയുടെ അല്‍ വക്രയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ പിതാവായ അഭിലാഷ് ചാക്കോ, മാതാവ് സൗമ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ കുടുംബത്തിന്റെ ഒപ്പമുണ്ടെന്ന ഉറപ്പും നല്‍കിയ ശേഷമാണ് മടങ്ങിയത്. കുടുംബത്തെ ആശ്വസിപ്പിച്ചതിനൊപ്പം ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്. തൊട്ടുപിന്നാലെ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പിലെ ഓഫിസറും മിന്‍സയുടെ കുടുംബത്തെ കാണാന്‍ എത്തിയിരുന്നു.

മിന്‍സയുടെ മരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര, പൊതുജനാരോഗ്യ മന്ത്രാലയങ്ങളും ചേര്‍ന്ന് നടത്തുന്ന സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ മിന്‍സയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഖത്തരി പൗരന്മാരുടെ ട്വീറ്റുകളും ശക്തമാണ്.

ഞായറാഴ്ചയാണ് സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ഥിനിയായ 4 വയസ്സുകാരി മിന്‍സ മറിയം ജേക്കബിന്റെ ജീവന്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത്. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ നിന്ന് ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. ഞായറാഴ്ച രാവിലെ സ്‌കൂള്‍ ബസിലാണ് മിന്‍സ സ്‌കൂളിലേയ്ക്ക് പോയത്. എന്നാല്‍ മറ്റ് വിദ്യാര്‍ഥികളെ ഇറക്കിയെങ്കിലും ബസിനുള്ളില്‍ ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുകയായിരുന്നു. 11.30 ഓടെ വിദ്യാര്‍ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിലായ മിന്‍സയെ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനത്ത ചൂടില്‍ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ രക്ഷിക്കാനായില്ല.

തികച്ചും അസാധാരണമായ സംഭവം ആയതിനാല്‍ മെഡിക്കല്‍ പരിശോധനാ ഫലം ലഭിക്കുന്നതനുസരിച്ച് ഔദ്യോഗിക നടപടികളും കോടതിയില്‍ നിന്നുള്ള അനുമതിയും ലഭിച്ച ശേഷമേ മൃതദേഹം വിട്ടു കിട്ടുകയുള്ളു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് മിന്‍സയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം കോട്ടയം ചിങ്ങവനത്തായിരിക്കും നടക്കുക. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ആയ കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടേയും ഇളയമകളാണ് മിന്‍സ. സഹോദരി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മീഖ മറിയം ജേക്കബ്.

Post a Comment

Previous Post Next Post