‘ഇത് പാക്കിസ്ഥാന്റെ വര്‍ഷമായിരിക്കും'; പ്രവചനവുമായി ഇന്ത്യന്‍ ഇതിഹാസം, ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്

(www.kl14onlinenews.com)
(10-Sep -2022)

‘ഇത് പാക്കിസ്ഥാന്റെ വര്‍ഷമായിരിക്കും'; പ്രവചനവുമായി ഇന്ത്യന്‍ ഇതിഹാസം, ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്
ദുബായ് :
ഇത്തവണ ഏഷ്യ കപ്പ് കിരീടം നേടാന്‍ പാക്കിസ്ഥാനാണ് കൂടുതല്‍ സാധ്യതയെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സേവാഗ്.

“വളരെ കാലത്തിന് ശേഷം പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് ഫൈനല്‍ കളിക്കും. ഏറെ നാളുകള്‍ക്ക് ശേഷം അവര്‍ ഏഷ്യ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത് പാക്കിസ്ഥാന്റെ വര്‍ഷമാകാനാണ് സാധ്യത,” സേവാഗ് ക്രിക്ബസിനോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലായിരുന്നു പാക്കിസ്ഥാന്‍ മറികടന്നത്. 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെയും 20 പന്തില്‍ 42 റണ്‍സെടുത്ത മുഹമ്മദ് നവാസിന്റെയും പ്രകടനമാണ് നിര്‍ണായകമായത്.

ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്
ദുബൈ,രണ്ടാഴ്ചയായി യു.എ.ഇയിൽ ആവേശത്തിരയിളക്കിയ ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്. ഇന്ത്യ-പാകിസ്താൻ ഫൈനലിന് കാത്തിരുന്നവർ നിരാശരായെങ്കിലും ശ്രീലങ്കയും പാകിസ്താനും തമ്മിലെ മത്സരം ആവേശപ്പോരാട്ടമാകുമെന്നുറപ്പ്. ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിച്ച് ടിക്കറ്റുകൾ ഏകദേശം വിറ്റിരുന്നു. എങ്കിലും, ടിക്കറ്റ് പൂർണമായും വിറ്റഴിയാത്തതിനാൽ 250 ദിർഹം മുതൽ ഇപ്പോഴും ലഭ്യമാണ്. ദുബൈയെയും ഷാർജയെയും ത്രസിപ്പിച്ച ആവേശപ്പോരാട്ടങ്ങൾക്കു ശേഷമാണ് പാക്-ലങ്ക ഫൈനൽ നടക്കുന്നത്. ഇതുവരെ നടന്ന 12 മത്സരങ്ങളിൽ ആറും അവസാന ഓവർ വരെ നീണ്ടിരുന്നു. സൂപ്പർ ഫോറിൽ ഇന്ത്യയെ ശ്രീലങ്ക തോൽപിച്ചതാണ് ടൂർണമെന്‍റിൽ ട്വിസ്റ്റുണ്ടാക്കിയത്. ഇന്ത്യ-പാക് മൂന്നു മത്സരങ്ങൾ ടൂർണമെന്‍റിലുണ്ടാകുമെന്നായിരുന്നു പ്രവചനം.

എന്നാൽ, ലങ്കയോട് തോറ്റതോടെ ഇന്ത്യ പുറത്തായി. തിരുവോണ ദിനത്തിൽ അഫ്ഗാനെതിരെ വിരാട് കോഹ്ലി നടത്തിയ ആറാട്ടായിരുന്നു ഇന്ത്യൻ ആരാധകരുടെ ഏക ആശ്വാസം. ഫൈനലിന് ടിക്കറ്റെടുത്ത ഇന്ത്യക്കാർ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയുമുണ്ട്. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്താനെതിരെ ഗാലറിയിൽ ശ്രീലങ്കക്കായി ആർപ്പുവിളിക്കാനെത്തുമെന്ന് ടിക്കറ്റെടുത്തവർ പറയുന്നു. വെള്ളിയാഴ്ചത്തെ മത്സരത്തിന്‍റെ ക്ഷീണം മാറുംമുമ്പാണ് പാകിസ്താനും ശ്രീലങ്കയും ഫൈനലിന് ഇറങ്ങുന്നത്. പാകിസ്താനികൾ ഏറെയുള്ള ദുബൈയിൽ പച്ചപ്പടക്കായിരിക്കും ഗ്രൗണ്ട് സപ്പോർട്ട് കൂടുതൽ ലഭിക്കുക. ഫൈനൽ മത്സരം കാണാനെത്തുന്നവരുടെ തിരക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഞാനാണ് ക്യാപ്റ്റൻ’; തന്നോട് ചോദിക്കാതെ ഡിആർഎസ് എടുത്തതിൽ കലിപ്പിച്ച് ബാബർ അസം
തന്നോട് ചോദിക്കാതെ ഡിആർഎസ് എടുത്തതിൽ അമ്പയറോട് ദേഷ്യപ്പെട്ട് പാകിസ്താൻ നായകൻ ബാബർ അസം. ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ പാകിസ്താൻ 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ശ്രീലങ്കൻ ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് സംഭവം. പേസർ ഹസൽ അലിയുടെ പന്തിൽ ശ്രീലങ്കൻ ഓപ്പണർ പാത്തും നിസങ്ക വിക്കറ്റിനു മുന്നിൽ കുരുങ്ങി. പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ അപ്പീൽ ചെയ്തു. ഈ അപ്പീൽ പരിഗണിച്ചാണ് അമ്പയർ അനിൽ ചൗധരി ഡിആർഎസ് ആവശ്യപ്പെട്ടത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് അസം അമ്പയറോട് ദേഷ്യപ്പെടുകയായിരുന്നു. ‘ഞാനാണ് ക്യാപ്റ്റൻ’ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഈ റിവ്യു പാകിസ്താന് നഷ്ടമാവുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് ഓൾഔട്ടായി. ബാബർ അസം (30), മുഹമ്മദ് നവാസ് (26) എന്നിവരാണ് പാകിസ്താൻ ഇന്നിംഗ്സിൽ മികച്ചുനിന്നത്. ശ്രീലങ്കയ്ക്കായി വനിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി പാത്തും നിസങ്ക 55 റൺസെടുത്ത് ടോപ്പ് സ്കോററായി.

Post a Comment

Previous Post Next Post